നിലമ്പൂർ പോളിങ് ബൂത്തിലെത്താൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം പ്രചരണത്തിനെത്തുന്നു. യുഡിഎഫിൻ്റെ മുതിർന്ന നേതാക്കളും, എൽഡിഎഫ് മന്ത്രിമാരും മണ്ഡലത്തിൽ പ്രചരണത്തിനായി എത്തും. എം. സ്വരാജിനായി പത്ത് മന്ത്രിമാരാണ് മണ്ഡലത്തിൽ എത്തുക.
അതേസമയം, യുഡിഎഫ്-വെൽഫെയർ പാർട്ടി കൂട്ടുകെട്ടിൽ രൂക്ഷ വിമർശനം തുടരുകയാണ് സിപിഐഎം. എല്ലാ വർഗീയ ശക്തികളുടേയും കേന്ദ്രീകൃത രൂപമായി യുഡിഎഫ് മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിലും കേരളത്തിലുടനീളവും ഇതിന്റെ പ്രത്യാഘാതം കോൺഗ്രസും യുഡിഎഫും അനുഭവിക്കേണ്ടി വരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മലപ്പുറത്ത് പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ജമാഅത്തെ ഇസ്ലാമി മുമ്പും യുഡിഎഫിന്റെ ഘടകക്ഷിയെ പോലെയാണ് പ്രവർത്തിച്ചതെന്ന് എം. സ്വരാജ് പ്രതികരിച്ചു. ഇത്തരം ഘട്ടങ്ങളിൽ ചേരേണ്ടവർ തന്നെയാണ് ചേരുകയെന്നും സ്വരാജ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും എം. സ്വരാജ് പ്രതികരിച്ചു.
അതേസമയം, പി.വി. അൻവറിനെ വിമർശിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തുവന്നു. അൻവർ നിലമ്പൂരിനെയും ഇടതുപക്ഷത്തെയും ചതിച്ചയാളാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി മാത്രമല്ല എല്ലാ വർഗീയ ശക്തികളുമായും യുഡിഎഫ് കൂട്ടുകൂടുന്നുണ്ടെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
ശക്തമായ വിമർശനങ്ങളുമായി എൽഡിഎഫ് ആഞ്ഞടിക്കുമ്പോൾ, പ്രതിരോധം തീർക്കാൻ യുഡിഎഫും മുന്നിട്ടിറങ്ങി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുന്നത് യുഡിഎഫ് എന്ന നിലയിൽ തന്നെയാണെന്നും മറിച്ചുള്ള പ്രസ്താവനകൾ തെറ്റാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെൽഫെയർ പാർട്ടി ആരെ പിന്തുണയ്ക്കണമെന്നത്, ആ പാർട്ടി തീരുമാനിക്കട്ടെയെന്നും, ഇടതുപക്ഷം പിഡിപിയുടെ പിന്തുണ സ്വീകരിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിലെ മുതിർന്ന നേതാക്കളും നിലമ്പൂരിൽ സജീവമാണ്.