കാസർഗോഡ്: ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക പുറത്ത്. മഞ്ചേശ്വരത്ത് ഷാനവാസ് പാദൂർ സ്വതന്ത്ര സ്ഥാനാർഥിയായേക്കും. തൃക്കരിപ്പൂരിൽ വി.പി.പി. മുസ്തഫയ്ക്കാണ് പരിഗണന. കാഞ്ഞങ്ങാട് സിപിഐ നേതാവ് ഗോവിന്ദൻ പളളിക്കാപ്പിൽ സ്ഥാനാർഥിയായേക്കും. ഉദുമയിൽ സിറ്റിംഗ് എംഎൽഎ സി.എച്ച്. കുഞ്ഞമ്പു തുടരും.
2021ൽ പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകത്തെ തുടർന്ന് പാർട്ടി പ്രതിക്കൂട്ടിൽ നിൽക്കുന്ന സമയത്ത് പോലും 13,332 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സി.എച്ച്. കുഞ്ഞമ്പു വിജയിച്ചത്. 49 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തുടർച്ചയായി 35 വർഷമായി എൽഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് ഉദുമ. ആ മണ്ഡലത്തിലാണ് സി.എച്ച്. കുഞ്ഞമ്പു മത്സരിക്കുന്നത്.
2021ൽ എം. രാജഗോപാൽ 26,137 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് തൃക്കരിപ്പൂരിൽ നിന്ന് വിജയിച്ചത്. നിലവിൽ അദ്ദേഹം സിപിഐഎം ജില്ലാ സെക്രട്ടറിയായ സാഹചര്യം പരിഗണിച്ചാണ് വി.പി.പി. മുസ്തഫയെ ഇത്തവണ മത്സരിപ്പിക്കുന്നത്. 1977ൽ രൂപവത്കരിച്ച മുതൽ തൃക്കരിപ്പൂർ സിപിഐഎം കോട്ടയാണ്.