

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രതിസന്ധിക്ക് പിന്നിൽ രഹസ്യ അജണ്ടയെന്ന് പ്രതിപക്ഷം. വൻകിട സ്വകാര്യ കമ്പനികൾക്ക് ആരോഗ്യ രംഗം അടിയറ വയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. പ്രതിപക്ഷ ആരോപണങ്ങൾ ഊതിവീർപ്പിച്ചതെന്നും ചില മരുന്നുകൾക്ക് മാത്രമാണ് ക്ഷാമമെന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ മറുപടി.
മരുന്ന് ക്ഷാമം ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തോട് പൊട്ടിത്തെറിച്ചും പരിഹസിച്ചും ആയിരുന്നു മന്ത്രി കെ മുരളീധരന്റെ മറുപടി. ഉന്നയിക്കുന്ന ആരോപണങ്ങൾ ഊതി വീർപ്പിച്ചത് മാത്രമാണ്. സംസ്ഥാനത്ത് മരുന്നു ലഭ്യത ഉറപ്പാക്കുന്നുണ്ട്. അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള മരുന്നുമാത്രം ലഭ്യമല്ലെന്നും മന്ത്രി പരിഹാസിച്ചു.
ആരോഗ്യരംഗത്തെ പ്രതിസന്ധി മറികടക്കാൻ അത്ഭുത വിളക്കൊന്നും വേണ്ടെന്നും ആരോഗ്യരംഗത്ത വിളക്ക് അണയ്ക്കാതിരുന്നാൽ മതിയെന്നും മന്ത്രിയുടെ മുൻ പ്രസ്താവന ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മറുപടി.
മരുന്ന് ക്ഷാമം സംബന്ധിച്ച ന്യൂസ് മലയാളം ഉൾപ്പടെയുള്ള മാധ്യമങ്ങളുടെ വാർത്തകൾ ഉയർത്തിക്കാട്ടിയാണ് കെ വി സുമേഷ് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയത്. സംസ്ഥാനത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിൽ ആണെന്നും സുമേഷ് ആരോപിച്ചു. റൂൾ 50 പ്രകാരമുള്ള ഉപക്ഷേപത്തിന് അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.