കോഴിക്കോട് നാദാപുരത്ത് ഇഞ്ചോടിഞ്ഞ് പോരാട്ടം എന്ന് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ബൂത്ത്തല കണക്കിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് നേരിയ ലീഡ് മാത്രം. മണ്ഡലത്തിൽ അട്ടമറി ജയം നേടുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. അതേസമയം കെ.എം. അഭിജിത് ഏഴായിരത്തിലധികം വോട്ടിന് ജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
കടുത്തമത്സരം നടന്ന മണ്ഡലത്തിൽ ഇത്തവണ ആയിരം വോട്ടിന്റെ ലീഡ് മാത്രമാണ് എൽഡിഎഫിന്റെ ബൂത്ത്തല കണക്കിലുള്ളത്. മണ്ഡലത്തിൽ LDF സ്ഥാനാർഥി പി വസന്തത്തിന് പത്തു പഞ്ചായത്തുകളിൽ അഞ്ചെണ്ണത്തിൽ ലീഡും, ഒരു പഞ്ചായത്തിൽ ഒപ്പത്തിനൊപ്പവും എന്നതാണ് എൽഡിഎഫിന്റെ ബൂത്ത് തല കണക്ക്.
എന്നാൽ അഞ്ച് പഞ്ചായത്തിൽ ലീഡ് നേടി ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. എടച്ചേരി, വളയം, നരിപ്പറ്റ, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിൽ ലീഡും കായക്കൊടി പഞ്ചായത്തിൽ ഒപ്പത്തിനൊപ്പവും എത്താൻ കഴിയുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1000 വോട്ടിനെങ്കിലും എൽഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്നും ഇവർ പറയുന്നു.
തൂണേരി, ചെക്യാട്, വാണിമേൽ, കായക്കൊടി, നാദാപുരം പഞ്ചായത്തുകളിൽ ലീഡും, കാവിലുംപാറയിൽ ഒപ്പത്തിനൊപ്പം എത്താമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. ഇതുപ്രകാരം 7000 വോട്ടിന്റെ ഭൂരിപക്ഷത്തിന് കെ.എം. അഭിജിത് ജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.1000 വോട്ടിന്റെ ലീഡിന് ജയിക്കുമെന്നാണ് കണക്കുകളെങ്കിലും സ്ഥാനാർഥിക്ക് കിട്ടുന്ന വ്യക്തിപരമായ വോട്ടുകളും, നിഷ്പക്ഷ വോട്ടുകളും ചേരുമ്പോൾ ലീഡുയരുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു