നിലമ്പൂർ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ തിരുവമ്പാടിയിലെ നേതാക്കൾക്കെതിരെ നടപടിയെടുത്ത് ലീഗ് നേതൃത്വം. പി.വി. അൻവറിനെ പങ്കെടുപ്പിച്ച് കുടുംബസംഗമം നടത്താൻ തീരുമാനിച്ച നാല് നേതാക്കളെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കെഎംസിസി നേതാക്കൾ ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് നടപടി.
നേതൃത്വത്തെ വെല്ലുവിളിച്ച് കുടുംബസംഗമം നടത്തിയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ. അബ്ദുറഹിമാൻ, അറഫി കാട്ടിപ്പരുത്തി, ഫൈസൽ മാതം വീട്ടിൽ, റഫീഖ് പുല്ലുരാംപാറ എന്നിവരെയാണ് പാർട്ടിയിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ജൂൺ 15നായിരുന്നു ജിസിസി കെ.എം.സി.സി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തിയത്. ലീഗ് നേതൃത്വം അനുമതി നിഷേധിച്ചെങ്കിലും ഹരിത ജീവനം 2025 എന്ന പേരിൽ കുടുംബസംഗമം നടത്തുകയായിരുന്നു.
തെരഞ്ഞെടുപ്പിനിടെ നടപടിയെടുക്കാൻ നേതാക്കൾ ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു. എന്നാൽ, നിലമ്പൂർ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് നടപടിയെടുത്തതെന്നത് ശ്രദ്ധേയമാണ്.
അതേസമയം, നിലമ്പൂരിൽ പോളിങ്ങിൽ വർധന രേഖപ്പെടുത്തി. നിലമ്പൂരിൽ ആകെ 74.35 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പുകളിൽ റെക്കോർഡിട്ടു കൊണ്ടാണ് പോളിംഗ്. മഴയിലും ചോരാത്ത ആവേശമാണ് നിലമ്പൂരിലുടനീളമുള്ള പോളിങ് ബൂത്തുകളിൽ ദൃശ്യമായത്. നാടിളക്കി നടത്തിയ പ്രചാരണം ഫലം കണ്ടെന്ന ആശ്വാസത്തിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാൾ ഉയർന്ന വോട്ടിങ് ശതമാനമാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ഉയര്‍ന്ന പോളിങ് ശതമാനം ആര്‍ക്ക് ഗുണം ചെയ്യുമെന്നുള്ള കണക്കുകൂട്ടലിലേക്ക് കടന്നിരിക്കുകയാണ് സ്ഥാനാർഥികളും മുന്നണികളും.