പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ്. എസ്ഐടി ക്ലിയറൻസ് ലഭിച്ച ശേഷം മാത്രം അറ്റകുറ്റപ്പണി നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു. തന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം ബോർഡ് ചർച്ച ചെയ്തിരുന്നെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ശ്രീകോവിലിന്റെ പല ഭാഗങ്ങളിലും ദ്വാരം കാണുമ്പോൾ വിഷമമുണ്ടെന്നും കെ. ജയകുമാർ പറഞ്ഞു. ചാടിക്കയറി അറ്റകുറ്റപ്പണി നടത്തിയാൽ അത് അന്വേഷണത്തിന് തടസമാകും. എസ്ഐടി ചാർജ് ഷീറ്റ് സമർപ്പിച്ചതിനുശേഷം മാത്രം അറ്റകുറ്റപ്പണി നടത്തും. പാളികളിൽ ദ്വാരം വീണത് നല്ല കാര്യമല്ല. തന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം ബോർഡ് ചർച്ച ചെയ്തിരുന്നെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ശബരിമലയിൽ അടുത്ത തീർഥാടന കാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചുവെന്നും കെ. ജയകുമാർ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെ ടെൻഡറിലേക്ക് ഉടൻ കടക്കും. നിർമ്മാണ പ്രവൃത്തികളുടെ ടെൻഡറും ഉടൻ വിളിക്കും. സുതാര്യമായി കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും കെ. ജയകുമാർ പറഞ്ഞു.