മഹാത്മാ അയ്യങ്കാളി ജയന്തി; ജാതിശാസനങ്ങളെ തകർത്തോടിയ വില്ലുവണ്ടിയുടെ വേഗത മറക്കാതെ കേരളം

അന്നത്തെ പ്രമാണിമാരുടെ ജീർണിച്ച മനോഭാവവും അതിനതിരെ ആളിയ പ്രതിഷേധ ജ്വാലകളും സ്കൂൾ എരിഞ്ഞുതീരുന്നതിലേക്ക് നീണ്ടു. ഇന്നത് ചരിത്ര സ്മാരകമാണ്.
ayyankali
Source: News Malayalam 24x7
Published on

അടിച്ചമർത്തലിൻ്റെ ആഴക്കയത്തിൽ പെട്ട ജനതയ്ക്ക് വേണ്ടി ജീവിതം വിപ്ലവമാക്കിയ നവോഥാന പോരാളി.കേരള ചരിത്രത്തിലെ ധീരനായ സാമൂഹ്യ പരിഷ്കർത്താവ്. മഹാത്മാ അയ്യങ്കാളിയുടെ 162-ാം ജന്മദിനം ഇന്ന്.കേരള സമൂഹത്തിൽ മാറ്റത്തിന്റെ അലകളുയർത്തിയ മഹാത്മാവിന്റെ ജന്മവാർഷികം ഇനിയും പൂർണമായി അവസാനിച്ചിട്ടില്ലാത്ത ഉച്ചനീചത്വങ്ങൾക്കെതിരായ വിരൽ ചൂണ്ടൽകൂടിയാകുന്നു.

സമൂഹത്തിൽ നിലനിന്നിരുന്ന ജാതിഭീകരതയ്ക്കും, സവർണ ബോധത്തിനും മുകളിലൂടെയാണ് അയ്യങ്കാളിയുടെ വില്ലുവണ്ടി കടന്നുപോയത്. 1893ലെ വില്ലുവണ്ടിയാത്ര കേരളചരിത്രം കണ്ട ധീരസമരങ്ങളിലൊന്നാണ്.1863 ഓഗസ്റ്റ് 28 നാണ് തിരുവനന്തപുരത്ത് വെങ്ങാനൂർ പെരുങ്കാറ്റുവിള പ്ലാവറത്തറ വീട്ടിൽ അയ്യന്റെയും മാലയുടെയും മകനായി കാളി ജനിച്ചത് . അച്ഛന്റെ പേര് ചേർത്താണ് അദ്ദേഹത്തെ അയ്യങ്കാളി എന്ന് വിളിച്ചത്. ആ ജനനം കേരളസമൂഹത്തിലെ ഒരു ചരിത്രപ്പിറവിയായിരുന്നു.

ജാതിയുടെ പേരിൽ മനുഷ്യരെ ചവിട്ടിയരച്ചിരുന്ന കാലം. അതിനെതിരെ ഉയർത്തിയ ശബ്ദവും നയിച്ച പോരാട്ടവുമാണ് അയ്യങ്കാളിയെ ജനനായകനാക്കിയത്. 1893ൽ പെരുങ്കാറ്റുവിള കുന്നിന്‍ചെരുവിലെ വീട്ടില്‍നിന്ന് വെങ്ങാനൂരിലെ രാജവീഥികളിലേക്ക് ഉരുണ്ടിറങ്ങിയ വില്ലുവണ്ടിയിൽ ആ മുപ്പതുകാരൻ തലയുയർത്തി നിന്നു. രണ്ട് കാളകളെ കെട്ടിയ ഒരു വില്ലുവണ്ടി മണി മുഴക്കി പൊടിപറപ്പിച്ച് പാഞ്ഞുവന്നത് മാടമ്പിമാരെ നടുക്കി. വെള്ള നിറത്തിലുളള മേൽകുപ്പായവും മുണ്ടും തലപ്പാവുമണിഞ്ഞ യുവാവ്. പിടിച്ചുകെട്ടാൻ എത്തിയവരുടെ ന്രെ കഠാരചൂണ്ടി. ജാതിക്കോമരങ്ങളെ വിറപ്പിച്ചത് ആ കഠാരയായിരുന്നില്ല അതിനു പിറകിലെ നിശ്ചയദാർഢ്യം കൂടിയായിരുന്നു. താഴ്ന്ന ജാതിക്കാർക്ക് തിരുവിതാം കൂറിലെ പൊതുനിരത്തിലൂടെ സഞ്ചാര സ്വാത്ന്ത്ര്യം അനുവദിച്ച് ഉത്തരവാകാൻ ആ വില്ലുവണ്ടിയാത്ര കാരണമായി.

ayyankali
തദ്ദേശ തിളക്കം: സാധാരണക്കാർ ഇവിടെ സംരംഭകർ; സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് നേടിയ വെളിയന്നൂർ

അടിയാളനായി നിൽക്കാൻ മാത്രം അറിയാവുന്നവന്റെ തലയുയർത്തി തലപ്പാവുവച്ചു. പോരിനുവന്ന മാടമ്പികളെ നിവർന്നുനിന്നു് നേരിട്ടു. അവര്‍ണരെന്ന് മുദ്രയടിക്കപ്പെട്ട ഒരു ജനത നേരിട്ട അനീതികള്‍ക്കെതിരെ നയിച്ച ഐതിഹാസിക സമരങ്ങൾ നിരവധിയാണ്. അയിത്ത ജാതിയെന്ന് മാറ്റി നിർത്തിയ കുട്ടികൾക്കായി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അത് തടയാനെത്തിയവരോട് സധൈര്യം പോരാടി. വിദ്യാഭ്യാസത്തിനായി അദ്ദേഹം നയിച്ചത് രക്തരൂഷിതമായ സമരം തന്നെയായിരുന്നു.

തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം. അക്ഷരം നിഷേധിക്കപ്പെട്ടവർക്കുവേണ്ടി. "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും". അയ്യങ്കാളി പ്രഖ്യാപിച്ചു. അന്ന് ഭൂമിയില്ലാത്ത കർഷകർ ഒരു നേതാവിന് കീഴിൽ അണിനിരന്നു. പിന്നീട് കർഷകസമരങ്ങൾ ശക്തമായി. ജോലി സ്ഥിരത, ഉയര്‍ന്ന കൂലി, അവധി,വിദ്യാഭ്യാസത്തിനും വഴിനടക്കാനുമുള്ള അവകാശം തുടങ്ങിയവയെല്ലാം അംഗീകരിക്കപ്പെട്ടു.

1914ലാണ് ദളിത് പെണ്‍കുട്ടിയായ പഞ്ചമിയുമായി അയ്യങ്കാളി സ്‌കൂളിലെത്തിയത്. കൃഷിഭൂമി തരിശിടല്‍ സമരത്തിന് പിന്നാലെ താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് അനുമതി ലഭിച്ചതിനു പിറകേയായിരുന്നു ആ സ്കൂൾ പ്രവേശനം. അന്ന് പഞ്ചമിക്ക് സ്കൂൾ അധികൃതർ അനുമതി നിഷേധിച്ചതോടെ ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. അന്നത്തെ പ്രമാണിമാരുടെ ജീർണിച്ച മനോഭാവവും അതിനതിരെ ആളിയ പ്രതിഷേധ ജ്വാലകളും സ്കൂൾ എരിഞ്ഞുതീരുന്നതിലേക്ക് നീണ്ടു. ഇന്നത് ചരിത്ര സ്മാരകമാണ്.

ayyankali
അയ്യങ്കുഴി നിവാസികളെ കയ്യൊഴിഞ്ഞ് കൊച്ചി റിഫൈനറി; പട്ടിണി സമരവുമായി പ്രദേശവാസികള്‍

അയ്യങ്കാളി തുടക്കമിട്ട അവകാശ സമരങ്ങൾ അവിടെയും തീർന്നില്ല. കല്ലുമാല സമരത്തിലൂടെ സ്ത്രീകൾ അടിമത്തത്തിന്റെ അടയാളമായ കല്ലയും മാലയും കാതിലെ ഇരുമ്പുവളയങ്ങളും ഊരിയെറിഞ്ഞു. അവർ മാറുമറച്ച് നടന്നു. കേരളത്തിലെ സവർണബോധം അടികൊണ്ടു പുളഞ്ഞു. ഇന്നും മണ്ണടിയാതെ നിക്കുന്ന ജാതിവിവേചനത്തിന്റെ തരികൾക്ക് മൂന്നറിയിപ്പാണ് അയ്യങ്കാളിയുടെ ജീവിതവും പോരാട്ടവും.

സമൂഹത്തെ അടിച്ചമർത്തി ഭരിച്ചിരുന്ന ജാതിശാസനങ്ങളോട് ഭയമില്ലാതെ പൊരുതിയ വിപ്ലവകാരിയാണ് അയ്യങ്കാളി. ആ സാമൂഹ്യ പരിശ്കർത്താവ് കൊളുത്തിയ പുരോഗമന ജ്വാലകൾ ഇന്നും ജനമനസുകളിൽ അണയാതെ നിൽക്കുന്നു. ആ പോരാട്ടത്തിന്റെ ബാക്കി പത്രമായാണ് ഇക്കാലത്തും സമൂഹത്തിൽ ഉയരുന്ന ഉച്ചനീചത്വങ്ങൾക്ക് നേരെ നിരവധി കൈകൾ ഉയരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com