

കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ തന്നെ അവഹേളിച്ച യുവാവിനെ ആശ്വസിപ്പിച്ച് ചേര്‍ത്തുപിടിച്ച് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്. സമൂഹ മാധ്യങ്ങളില്‍ തന്നെ പരിഹസിച്ച് പോസ്റ്റിട്ട പുത്തൂര്‍മഠം സ്വദേശി അസ്ലം മുഹമ്മദ് പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് ലിന്റോ ജോസഫ് എത്തി ആശ്വസിപ്പിച്ചത്.
രണ്ടു ദിവസം മുന്‍പാണ് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ എതിരെ സമൂഹമാധ്യമങ്ങളില്‍ ആക്ഷേപ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നു. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പ് അപകടത്തില്‍ പരിക്കേറ്റ് കാലിന് പരിക്കേറ്റ ലിന്റോ ജോസഫിനെ പരിഹസിച്ചു കൊണ്ടായിരുന്നു ഫേസ്ബുക്ക് കമന്റ്. തുടര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള സിപിഐഎം നേതാക്കളും ഡിവൈഎഫ്‌ഐ നേതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നു.
മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ് പോസ്റ്റ് ഇട്ടതെന്ന് പ്രചരണത്തെത്തുടര്‍ന്ന് പോസ്റ്റിട്ടത് ലീഗ് പ്രവര്‍ത്തകന്‍ ആണെങ്കില്‍ നടപടിയെടുക്കുമെന്ന് ലീഗിന്റെ നേതാക്കളും വ്യക്തമാക്കി. എന്നാല്‍ മനഃപൂര്‍വ്വം സഹതാപ തരംഗം സൃഷ്ടിക്കാനുള്ള തന്ത്രമാണ് പോസ്റ്റര്‍ വിവാദം എന്ന് ഒരു വിഭാഗം രാഷ്ട്രീയമായി പ്രചരണം ആരംഭിച്ചതോടെ കുറ്റക്കാരനെ കണ്ടെത്തുന്ന ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പൊലീസ് പുത്തൂര്‍ മഠം സ്വദേശി അസ്ലം മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്.
വിവരമറിഞ്ഞ് ജോസഫ് എംഎല്‍എ സ്റ്റേഷനില്‍ എത്തുകയും തനിക്ക് പരാതി ഇല്ലെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. അസ്ലമിനെ ആശ്വസിപ്പിച്ചു. തനിക്ക് തെറ്റു പറ്റിയതാണെന്നും വൈകാരികമായി പോസ്റ്റിട്ടതാണെന്നും അസ്ലമും തിരുത്തി. ശേഷം ഒന്നിച്ച് ചായകുടിച്ച് അസ്ലമിനോട് സൗഹൃദം പങ്കിട്ടാണ് ലിന്റോ ജോസഫ് പിരിഞ്ഞത്.