
തൃശൂർ: തൃശൂരിലെ ലുലു മാള്‍ നിർമാണത്തിനായി പുഴക്കൽ പാടം ഭൂമി തരം മാറ്റിയ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പ്രതീക്ഷ നല്‍കുന്നതെന്ന് പരാതിക്കാരനായ സിപിഐ നേതാവ് ടി.എൻ. മുകുന്ദൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കൃഷി വകുപ്പിൻ്റെയും വില്ലേജ് ഓഫീസറുടെയും റിപ്പോർട്ട് കയ്യിലിരിക്കയാണ് അനധികൃതമായി ആർഡിഒ ഭൂമി തരം മാറ്റി നല്‍കിയതെന്നും, ആർഡിഒക്കെതിരെ നടപടി തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും മുകുന്ദൻ പറഞ്ഞു.
ലുലു ഗ്രൂപ്പ് ഇനിയും അപേക്ഷ വച്ചാലും നിയമാനുസൃതം അല്ലാതെ വില്ലേജ് ഓഫീസർക്കും കൃഷി ഓഫീസർക്കും റിപ്പോർട്ട് നല്‍കാനാവില്ല. എല്‍ഡിഎഫ് സർക്കാർ കൊണ്ടുവന്ന നെല്‍വയല്‍ നീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചതിന് എതിരെയാണ് കോടതിയെ സമീപിച്ചത്. പാർട്ടി നിലപാട് സംരക്ഷിക്കാനാണ് നിയമപോരാട്ടമെന്നും മുകുന്ദൻ പറഞ്ഞു.
എല്ലാ പിന്തുണയും അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിളിച്ചിരുന്നു. നേരത്തെ തൻ്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടു എന്നും ബിനോയ് വിശ്വം തന്നോട് പറഞ്ഞു. പാർട്ടി പിന്തുണയില്‍ അഭിമാനമുണ്ടെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.