കോഴിക്കോട്: ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ പാർട്ടികൾ ആഘോഷിച്ച ഒരു തിരഞ്ഞെടുപ്പ് ഗാനമുണ്ട്. സ്വർണം കട്ടവനാരപ്പാ എന്ന പാട്ട് ഇപ്പോഴും വൈറലാണ്. പ്രവാസിയായ കോഴിക്കോട് നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുള്ളയാണ് ഈ പാട്ടെഴുതിയത്. പ്രതിപക്ഷം പാട്ട് ഹിറ്റാക്കിയതോടെ ഖത്തറിലുള്ള കുഞ്ഞബ്ദുള്ള ഡബിൾ ഹാപ്പിയാണ്.
സമീപകാലത്തൊന്നും ഇങ്ങനൊരു തിരഞ്ഞെടുപ്പ് ഗാനം ഹിറ്റായിട്ടില്ല. അതുകൊണ്ടുതന്നെ പാട്ടെഴുതിയ കുഞ്ഞബ്ദുള്ള ഖത്തറിലിരുന്ന് സന്തോഷിക്കുകയാണ്. ആദ്യമായല്ല ഇദ്ദേഹം പാട്ടെഴുതുന്നത്. കവി, പുസ്തക രചയിതാവ്, സംഗീതജ്ഞൻ, ലേഖകൻ, സംരംഭകൻ, പ്രവാസി, സഞ്ചാരപ്രിയൻ. വിശേഷണങ്ങൾ എറെയുണ്ട്.
തെരഞ്ഞെടുപ്പിന് ഒരു മാസം മുൻപാണ് 'സ്വർണം കട്ടവനാരപ്പാ' പാട്ട് എഴുതിയത്. മൂന്നാം ക്ലാസ് മാത്രം സ്കൂൾ വിദ്യാഭ്യാസമുളള കുഞ്ഞബ്ദുള്ള 46 വർഷമായി പ്രവാസിയാണ്. ഖത്തറിൽ ചെറിയ ബിസിനസ് നടത്തുന്നു. പാട്ട് ഹിറ്റായതോടെ കുഞ്ഞബ്ദുള്ളയ്ക്ക് അഭിനന്ദന പെരുമഴയാണ്. ഇനി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കുഞ്ഞബ്ദുള്ളയുടെ പാട്ടിനായി പാർട്ടിക്കാർ കട്ട വെയിറ്റിംഗാണ്.