കോഴിക്കോട്: വലിയങ്ങാടിയിൽ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ സ്ലാബ് ആണ് തകര്‍ന്ന് വീണ് നാലുപേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് കോഴിക്കോട് എം.പി. എം. കെ. രാഘവൻ. കോർപ്പറേഷൻ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാണ് എംപി പറഞ്ഞത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നല്‍കാനും, പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം. കെ. രാഘവൻ എംപി ആവശ്യപ്പെട്ടു. സമാനമായി നിരവധി കെട്ടിടങ്ങളാണ് നഗരത്തില്‍ ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നത്. നഗരത്തില്‍ കെട്ടിട തകര്‍ച്ചയോ തീപിടുത്തമോ ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് അടിയന്തരമായെത്താൻ ഫയര്‍ഫോഴ്‌സ് സംവിധാനം പോലും നഗരഹൃദയത്തിലില്ലെന്നത് ദൗർഭാഗ്യകരമെന്നും എംപി കുറ്റപ്പെടുത്തി.
വലിയങ്ങാടിയിൽ പൊളിച്ചു മാറ്റാനിരുന്ന കെട്ടിടത്തിലാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അപകടമുണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സണ്‍ഷേഡ് ആണ് തകര്‍ന്നത്. അരി, ഗോതമ്പ് അടക്കമുള്ള ധാന്യപ്പൊടികള്‍ സൂക്ഷിക്കുന്ന ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
അപകടത്തിൽ മൂന്ന് പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒരാൾകൂടെ മരിച്ചതോടെ മരണസംഖ്യ നാലായി. നാളയും വലിയങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും. അതേ സമയം അപകടത്തിൽ കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്.