

തിരുവനന്തപുരം: നിയമസഭയില്‍ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രിയെയും പി.പി. ചിത്തരഞ്ജനെയും പിന്തുണച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. മുഖ്യമന്ത്രി പറഞ്ഞതില്‍, അദ്ദേഹം തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ പറഞ്ഞതല്ലെന്നുമാണ് ശിവപ്രസാദിന്റെ വിശദീകരണം.
മുഖ്യമന്ത്രി പറഞ്ഞത് നാടന്‍ രീതിയാണ്. പി.പി. ചിത്തരഞ്ജന്റെ സഭയിലെ പരാമര്‍ശം ഭിന്നശേഷിക്കാരെ അപമാനിക്കുന്നതായി തോന്നുന്നില്ല. അദ്ദേഹം സൂചിപ്പിച്ചത് ഭിന്നശേഷിക്കാരെ അല്ല അദ്ദേഹം പരിഹസിച്ചത് പ്രതിപക്ഷത്തെ ആണെന്നും ശിവപ്രസാദ് പറഞ്ഞു. പ്രതിപക്ഷത്തെ രക്ഷിക്കാനാണ് വാക്കുകള്‍ വളച്ചൊടിക്കുന്നത്. മറ്റുള്ള വ്യാഖ്യാനങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എം. ശിവപ്രസാദ് പറഞ്ഞു.
പേരാമ്പ്ര സംഭവത്തിലും ശിവപ്രസാദ് പ്രതികരണം രേഖപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉന്നംവെച്ചുകൊണ്ടായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം. ഷാഫി പറമ്പിലിന്റെ മറവില്‍ ഒരാള്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടു. അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതി. രാഷ്ട്രീയ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢാലോചനയാണിതെന്നും നാടിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് പിരിച്ച ഫണ്ട് എവിടെയെന്നാണ് ചോദിക്കേണ്ടതെന്നും എം. ശിവപ്രസാദ് പരിഹസിച്ചു.
എട്ടുമുക്കാല്‍ അട്ടിവെച്ചതുപോലെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു അംഗത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട് എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 'എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീര ശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിന് ആക്രമിക്കാന്‍ പോവുകയായിരുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചു'' ഇങ്ങനെയായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
ഭിന്നശേഷിക്കാരെ അവഹേളിച്ചുകൊണ്ടായിരുന്നു അതേദിവസം സഭയില്‍ പിപി ചിത്തരഞ്ജനും പ്രതികരിച്ചത്. 'രണ്ട് കൈയ്യും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്' എന്നായിരുന്നു ചിത്തരഞ്ജന്റെ പരിഹാസം.