
നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കുന്നത് എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. അൻവർ മത്സരിക്കട്ടെയെന്നും ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അൻവറിനെ രാത്രിയിൽ കാണാൻ പോകുന്നത് യുഡിഎഫിന്റെ ഗതികേടെന്നും സ്വരാജ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
"അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്റെ ഗതികേടാണ്. ഇനിയെത്ര പേർ ക്യൂ നിൽക്കുമെന്ന് മാധ്യമങ്ങൾ പുറത്ത് കൊണ്ടു വന്നേക്കാം. എംഎൽഎ സ്ഥാനം തന്നെ രാജി വെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നല്ലോ. അൻവർ മത്സരിക്കട്ടെ" എം. സ്വരാജ് പറഞ്ഞു.
കവളപ്പാറയിൽ പോയില്ലെന്ന അൻവറിൻ്റെ ആരോപണങ്ങൾക്കും സ്വരാജ് മറുപടി പറഞ്ഞു. കവളപ്പാറയിൽ പോയില്ലെന്നത് അസത്യം. കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ മുൻ എംഎൽഎയുടെ ഒപ്പമാണ് അവിടെ പോയത്. അദ്ദേഹം അതെല്ലാം മറക്കുകയാണ്. എല്ലാം മറക്കുന്ന ഒരു സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോഴെന്നും എം. സ്വരാജ് പരിഹസിച്ചു. ഓപ്പറേഷൻ സിന്ദൂറിനെയോ സൈനിക നടപടിയെയോ തള്ളിപ്പറഞ്ഞിട്ടില്ലെന്നും സ്വരാജ് വ്യക്തമാക്കി.