"മാധ്യമങ്ങൾ ഇപ്പോൾ കണ്ടെത്തിയ സഹയാത്രികൻ ബിജെപിയിൽ പോയതിന് സിപിഐഎം ഉത്തരവാദിയല്ല"; എം. വി ജയരാജൻ

പാർട്ടി അറിയാതെ പലരേയും സഹായാത്രികനാക്കിയത് മാധ്യമങ്ങൾ തന്നെയാണെന്നും ജയരാജൻ കുറിച്ചു.
റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനത്തിൽ എം.വി. ജയരാജൻ
Source : Social Media
Published on
Updated on

ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിൽ പ്രതികരിച്ച് എം.വി. ജയരാജൻ. സിപിഐഎമ്മിൽ 'സഹയാത്രികൻ' എന്നൊരു സ്ഥാനം ഇല്ല. പാർട്ടി അറിയാതെ പലരേയും സഹായാത്രികനാക്കിയത് മാധ്യമങ്ങൾ തന്നെയാണെന്നും ജയരാജൻ കുറിച്ചു. മാധ്യമങ്ങൾ ഇപ്പോൾ കണ്ടെത്തിയ സഹയാത്രികൻ ബിജെപിയിൽ പോയതിന് സിപിഐഎം ഉത്തരവാദിയല്ല. അവരെ വളർത്തിക്കൊണ്ടുവന്ന മാധ്യമങ്ങൾ തന്നെയാണ് ഉത്തരം നൽകേണ്ടത്. മാധ്യമ ചർച്ചയിൽ സംസാരിക്കാൻ എകെജി സെന്ററിൽ നിന്നും ആളെ നൽകാറുണ്ടെന്നും എം.വി. ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനത്തിൽ എം.വി. ജയരാജൻ
"പരാമർശം നിരുത്തരവാദപരം, സാങ്കൽപ്പിക ചോദ്യത്തിന് സാങ്കൽപ്പിക ഉത്തരം "; എ.കെ. ബാലനെ തള്ളി എം.വി. ഗോവിന്ദൻ

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

"CPIM ൽ 'സഹയാത്രികൻ' എന്നൊരു സ്ഥാനം ഇല്ല. CPIM അറിയാതെ തരാതരം പോലെ പലരേയും സഹായാത്രികനാക്കിയത് മാധ്യമങ്ങൾ തന്നെയാണ്. അഡ്വ. ജയശങ്കറെ ആദ്യഘട്ടത്തിൽ ഇടതുസഹയാത്രികൻ, മാധ്യമ നിരീക്ഷകൻ ഒക്കെയായാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഇടതുപക്ഷ വിരുദ്ധതയാണ് ഇടതുസഹയാത്രികൻ ചർച്ചയിൽ പറഞ്ഞുപോയത് എന്നതിനാൽ ഇത്തരം മാധ്യമങ്ങൾക്ക് അത്തരമാളുകൾ കൂടുതൽ സ്വീകാര്യരായിരുന്നു.

മാധ്യമങ്ങൾ ഇപ്പോൾ കണ്ടെത്തിയ 'സഹയാത്രികൻ', BJP യിൽ പോയതിന് CPIM ഉത്തരവാദിയല്ല. CPIM ഭരണഘടനയും പരിപാടിയും അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് CPIM അംഗങ്ങൾ. ഒരു പൂർണ അംഗമാവാൻ CPIM ൽ വിവിധ പ്രോസസുകൾ ഉണ്ട്. ചുരുങ്ങിയപക്ഷം അതെങ്കിലും അറിഞ്ഞുവെക്കണം.

പാർട്ടിയുടേതായി ഒരു പ്രവർത്തനവും ഏറ്റെടുക്കാതെ, നാലാളറിയുന്നവരാവാൻ അങ്ങോട്ടുപറഞ്ഞ് ചർച്ചയിൽ പങ്കെടുത്താൽ മതിയെന്നത് ഒരു ട്രെന്റ് ആക്കി മാറ്റിയത് മാധ്യമങ്ങൾത്തന്നെയാണ്. അങ്ങനെയുള്ളവർ തോന്നുമ്പോൾ തോന്നിയ നിലപാട് സ്വീകരിക്കുന്നതിന്, അവരെ വളർത്തിക്കൊണ്ടുവന്ന മാധ്യമങ്ങൾ തന്നെയാണ് ഉത്തരം നൽകേണ്ടത്. സിപിഐഎമ്മിനുവേണ്ടി മാധ്യമ ചർച്ചയിൽ സംസാരിക്കാൻ എ കെ ജി സെന്ററിൽ നിന്നും കൃത്യമായി ആളെ നൽകാറുണ്ട്.

കോൺഗ്രസ്സ് ദേശീയ വക്താവ് ആയിരുന്ന ടോം വടക്കൻ ബിജെപി യിൽ പോയപ്പോൾ മാധ്യമങ്ങളിൽ പലരും കരുതലോടെ മൗനികളായി. എ കെ ആന്റണിയുടെ മകനും കെ കരുണകാരന്റെ മകളും, കോൺഗ്രസ്സ് വളർത്തി വലുതാക്കിയത് ബിജെപി ക്ക് നേതാക്കളെ നൽകാൻ എന്നോണം പോയപ്പോഴും ചർച്ചയ്ക്ക് ഒരു വകയും മാധ്യമങ്ങളിൽ ചിലർക്ക് കാണാൻ കഴിഞ്ഞില്ല ഇപ്പോൾ ഒരു 'സഹയാത്രികൻ' ബിജെപി അംഗമായപ്പോൾ ചർച്ചയോട് ചർച്ച തന്നെ. ആവട്ടെ. അതൊക്കെ എന്തുകൊണ്ട് എന്ന് എല്ലാർക്കും മനസ്സിലാകും.

ഏതെങ്കിലും ചാനലിന്റെ പേരിനൊപ്പം സഹയാത്രികൻ എന്നുംവച്ച് ആരെയെങ്കിലും ഒരാളെ, ആ ചാനലറിയാതെ ആരെങ്കിലും ഉയർത്തിക്കാട്ടിയാൽ (സാമാന്യവിവേകം ഉള്ളവർ ആ ചാനൽ അറിയാതെ അങ്ങനെ ചെയ്യില്ല), ആ ആൾ വല്ല ഏടാകൂടത്തിലും പെട്ടുപോയാൽ, പ്രസ്തുത മാധ്യമത്തിന്റെ പേരുകൂടി ചേർത്താണോ വാർത്തനല്കുകയെന്നും ആരെങ്കിലും ആ പേര് ഉപയോഗിച്ചതിന് പ്രസ്തുത മാധ്യമം ഉത്തരവാദിയാകുമോ എന്നും ഇങ്ങനെ വാർത്ത നൽകിയവർ മറുപടി നൽകിയാൽ നല്ലത്!.- എംവി ജയരാജൻ"

മാരാർജി ഭവനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഷാൾ അണിയിച്ച് റെജി ലൂക്കോസിനെ സ്വീകരിച്ചത്. 35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചുവെന്ന് റെജി ബിജെപി പ്രവേശനത്തിന് പിന്നാലെ പറഞ്ഞു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും റെജി ലൂക്കോസ് പറഞ്ഞു. സിപിഐഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നെന്നും വാദം. ഈ നിമിഷം മുതൽ താൻ ബിജെപിയുടെ നാവായി മാറുമെന്നും പ്രതികരിച്ചു.

റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനത്തിൽ എം.വി. ജയരാജൻ
"തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പ്രസ്താവനയിൽ ജാഗ്രത വേണം"; എ.കെ. ബാലന് പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

കഴിഞ്ഞ വർഷങ്ങളായി ചാനൽ ചർച്ചകളിൽ ഇടതിൻ്റെ മുഖമായി നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു റെജി ലൂക്കോസ്. വളരെ അപ്രതീക്ഷിതമായാണ് റെജി ഇന്ന് ബിജെപിയിൽ ചേർന്നത്. അതേസമയം, റെജി ലൂക്കോസിന് സിപിഐഎം ബന്ധമില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹയാത്രികരായി നിരവധി പേരുണ്ട്. അവർക്കാർക്കും പാർട്ടി അംഗത്വമോ ചുമതലയോ ഇല്ല. വർഗീയത ചെറുക്കാൻ എന്ന പേരിൽ വർഗീയ കൂടാരത്തിൽ പോയി ചേക്കേറുകയാണ് റെജി ചെയ്തതെന്നും മന്ത്രി വിമർശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com