

ന്യൂഡൽഹി: പിഎം ശ്രീ തർക്കത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പ്രകാശ് ബാബുവിൻ്റെ വിമർശനത്തെ പരിഹസിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പ്രകാശ് ബാബുവിന്റെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും ഈ നിൽപ്പ് കണ്ടാൽ താൻ നിസഹായനാണെന്ന് മനസിലായില്ലേ എന്നും എം.എ. ബേബി പരിഹാസച്ചുവയോടെ ചോദിച്ചു.
സിപിഐഎം ജനറൽ സെക്രട്ടറി നിസഹായനാണ്. മിണ്ടിയില്ല, മൗനമായിരുന്നു ഉത്തരമെന്നുള്ള പ്രകാശ് ബാബുവിന്റെ ആരോപണങ്ങളിലായിരുന്നു എം.എ. ബേബിയുടെ പരിഹാസം. താൻ കുറച്ച് ശക്തി അദ്ദേഹത്തിൽ നിന്ന് കടം വാങ്ങിക്കാമെന്നും ബേബി പറഞ്ഞു. ഡി. രാജയുടെ എല്ലാ ചോദ്യങ്ങൾക്കും ആശങ്കകൾക്കും കൃത്യമായ മറുപടി താൻ നൽകിയിട്ടുണ്ടെന്നും ബേബി പറഞ്ഞു. കേരളത്തിൽ തീരുമാനിക്കുന്നതിന് അഖിലേന്ത്യ നേതൃത്വത്തിൽ നിന്ന് എന്ത് സഹായം ആവശ്യമുണ്ടോ, അത് ഡി. രാജയും താനും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
"പിഎം ശ്രീ വിഷയം കേരളത്തിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട ഒരു കാര്യമാണ്. സാമാന്യബുദ്ധിയുള്ളവർക്ക് ഇത് മനസിലാകും. ഇവിടെയിരുന്ന് സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറിയും സിപിഐയുടെ ജനറൽ സെക്രട്ടറിയും കൂടി തീരുമാനിക്കേണ്ടതല്ല ഈ വിഷയം. കേരളത്തിലാണ് അത് തീരുമാനിക്കേണ്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പിഎം ശ്രീയെക്കുറിച്ച് വിശദീകരണം നൽകിയിട്ടുണ്ട്. ഈ വിശദീകരണം സിപിഐ ഓഫീസിൽ പോയി ബിനോയ് വിശ്വത്തെ അറിയിച്ചതാണ്", എം.എ. ബേബി.
അതേസമയം, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും രാജ-ബേബി ചർച്ച കണ്ടപ്പോൾ ബോധ്യപ്പെട്ട കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രകാശ് ബാബു വിശദീകരിച്ചു.