തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാന ഘടകത്തിൻ്റെ വാദങ്ങൾ ഏറ്റുപിടിക്കാതെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിയെ സംശയനിഴലിൽ നിർത്താൻ താൻ തയ്യാറല്ലെന്നാണ് എം.എ. ബേബിയുടെ പക്ഷം. സോണിയയോട് തനിക്ക് ആദരവാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ ശബരിമല ഏശിയില്ല എന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുമ്പോൾ, കുറച്ച് വോട്ട് കൊണ്ടുപോയി എന്നാണ് ഇന്ന് എം.എ. ബേബി പറഞ്ഞത്.
ശബരിമല സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിയെ കുറ്റപ്പെടുത്താനോ സംശയ നിഴലിൽ ആക്കാനോ ഇല്ലെന്ന് എം.എ. ബേബി അഭിപ്രായപ്പെട്ടു. തനിക്ക് ആദരവുള്ള വ്യക്തിയാണ് എം.എ. ബേബി. അവരെ അന്വേഷണ പരിധിയിൽ കൊണ്ടുവരണോ എന്നതിൽ അഭിപ്രായം പറയുന്നില്ലെന്നും ബേബി പറയുന്നു.
പാരഡി പാട്ടുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ പ്രചരിപ്പിച്ചത് മ്ലേച്ഛമായ പ്രവർത്തിയാണെന്നും എം.എ. ബേബി പറഞ്ഞു. സഖാക്കൾ ആരെങ്കിലും കള്ളന്മാരാണോ? അങ്ങനെയെങ്കിൽ അവർക്കെതിരെ വേറെ ആരും നടപടിയെടുക്കേണ്ടതില്ല. പാർട്ടി തന്നെ നടപടിയെടുക്കും. പാരഡി പാട്ട് ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ കുറച്ച് വോട്ട് പിടിച്ചെടുത്തെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാൻ സിപിഐഎം ഇറങ്ങി തിരിക്കുന്നു എന്ന വ്യാഖ്യാനം ശരിയല്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. വെള്ളാപ്പള്ളി നടേശൻ പറയുന്ന കാര്യങ്ങളിൽ സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ട്. അസ്വീകാര്യമായ കാര്യങ്ങൾ അംഗീകരിക്കില്ലെന്നും എം.എ. ബേബി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി ലോകകപ്പിലെ അർജൻ്റീനയുടെ ആദ്യ മത്സരം പോലെയാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. മെസ്സി എവിടെയാണെന്നായിരുന്നു അന്ന് ജനങ്ങൾ ചോദിച്ചത്. പിന്നീട് എന്ത് സംഭവിച്ചതെന്ന് എല്ലാവരും കണ്ടല്ലോ. അർജൻ്റീനയെ പോലെ ഇടതുമുന്നണി തിരിച്ചു വരും. തിരുത്തേണ്ടത് തിരുത്തും. എവിടെയാണ് പിഴവ് പറ്റിയതെന്ന് നേതാക്കളും പ്രവർത്തകരും ആഴത്തിൽ പരിശോധിക്കുമെന്നും എം.എ ബേബി പറഞ്ഞു.