

തിരുവനന്തപുരം: തുടര്‍ ഭരണത്തിനെതിരായ കെ. സച്ചിദാനന്ദന്‍ അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതികരണത്തില്‍ വിമര്‍ശനവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. സാംസ്‌കാരിക രംഗത്തെ ചില വ്യക്തിത്വങ്ങള്‍ക്ക് സംശയമാണ് ഇപ്പോള്‍. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ഭരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് അവര്‍ പറയുന്നതെന്നും ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്നും എം.എ. ബേബി പറഞ്ഞു.
ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ഭരണത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് അവരുടെ അഭിപ്രായം. സ്വന്തം കുഞ്ഞിന്റെ മരണത്തിലും അപരന്റെ വേദനയെക്കുറിച്ച് ചിന്തിക്കുന്ന കേരളം യാദൃച്ഛികമായി ഉണ്ടായതല്ല. കേരളം എങ്ങനെയാണ് ഉണ്ടായതെന്ന് ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്നാണ് എം.എ. ബേബി പറഞ്ഞത്.
ഭരണമാറ്റം സംഭവിച്ചാൽ കേരളം ഇത്രയും നാൾ കൊണ്ട് കൈവരിച്ച പുരോഗതി എല്ലാം അഞ്ച് വർഷം പുറകോട്ട് കൊണ്ടു പോകുന്ന സ്ഥിതിയുണ്ടാകും. നാട് നശിച്ചുകൊള്ളട്ടെ ഇടതുപക്ഷം നന്നായിരിക്കണം എന്നാണോ പറയുന്നത്. ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം ഉണ്ടാകണം. ക്ഷേമത്തില്‍ ഊന്നിയ ഭരണം ഉണ്ടാകണം. അതാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു.
ഇടതുപക്ഷത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നതില്‍ തര്‍ക്കമില്ല. അതിനൊപ്പം കേരളത്തിനും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പില്‍ നാം നമ്മുടെ ചുമതല കൃത്യമായി നിറവേറ്റണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജനങ്ങളെ കണ്ട് നമ്മുടെ ചുമതല നിറവേറ്റണം. അങ്ങനെയെങ്കില്‍ എല്‍ഡിഎഫിന് അഭിമാനകരമായ വിജയമുണ്ടാകുമെന്നും എം.എ. ബേബി പറഞ്ഞു.
വണ്ടാനം സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ പിഴവിലും എം.എ. ബേബി പ്രതികരിച്ചു. ശസ്ത്രക്രിയ ഉപകരണം ശരീരത്തില്‍ കുടുങ്ങിയത് സങ്കടകരമാണ്. ഉണ്ടായിക്കൂടാന്‍ പാടില്ലാത്ത സംഭവമാണെന്നും എംഎ ബേബി പറഞ്ഞു. ചികിത്സാ പിഴവില്‍ ഒരു ന്യായീകരണവും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളാ സ്റ്റോറി 2 എന്ന ചിത്രത്തിലൂടെ കേരളത്തെ അവമതിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തുന്നത്. വര്‍ഗീയ അജണ്ട വെച്ച് നമ്മുടെ സല്‍പ്പേരിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ പോലും കേരളത്തെ അഭിനന്ദിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. അവയവദാനം നടത്തിയ കുഞ്ഞിനെ പരാമര്‍ശിച്ച് കേരളം മാതൃകയാണെന്ന് മോദി പറയുന്ന സാഹചര്യമാണെന്നും എംഎ ബേബി പറഞ്ഞു.