കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ഫേസ്ബുക്കിൽ എഴുതിയതിൽ ഉറച്ചുനിൽക്കുന്നുവെന്നും കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ പ്രതികരിച്ച് മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. സ്ത്രീകൾക്ക് സംസാരിക്കാനുള്ള അവസരം കോൺഗ്രസിൽ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. പ്രതികരിച്ചു മുന്നോട്ട് പോകുമെന്നും ഷഹനാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയും എഴുത്തുകാരിയുമാണ് അവർ.
"ചെറിയ പെൺകുട്ടികളാണ് അതിക്രമങ്ങൾക്ക് ഇരയാകുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു പ്രതികരിക്കാം എന്ന തോന്നൽ ഇല്ല. എന്നിലെ സ്ത്രീ, അമ്മ എന്ന നിലയ്ക്ക് എനിക്ക് പ്രതികരിക്കാം. സൈബർ അറ്റാക്കിനെതിരെ നിയമപരമായി മുന്നോട്ട് പോകും. സ്ത്രീകൾക്ക് സംസാരിക്കാൻ ഉള്ള അവസരം കോൺഗ്രസിൽ ഉണ്ട് എന്നാണ് വിശ്വസിക്കുന്നത്. പ്രതികരിച്ചു മുന്നോട്ട് പോകും," എം.എ. ഷഹനാസ് വ്യക്തമാക്കി.
ഷാഫിക്കെതിരെ പ്രതികരിച്ചതിന് സൈബർ ആക്രമണം നേരിടുകയാണ്. സംസ്ക്കാര സാഹിതിയുടെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയ ഷഹനാസിനെ പിന്നീട് തിരിച്ചെടുത്തു. വ്യക്തി വിദ്വേഷം തീർക്കാൻ സംസ്ക്കാര സാഹിതിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും തന്നെ പുറത്താക്കിയത് കാവിൽ പി. മാധവനാണെന്നും എന്നാൽ ഇപ്പോൾ തിരിച്ചെടുത്തിട്ടുണ്ടെന്നും ഷഹനാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കരുതന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് എം.എ. ഷഹനാസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവര്‍ത്തിക്കാനുള്ളതാണ് യൂത്ത് കോണ്‍ഗ്രസ് എന്നും രാഹുല്‍ വന്നാല്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എന്നാൽ മുന്നറിയിപ്പിന് പുച്ഛവും പരിഹാസവും ആയിരുന്നു ഷാഫിയുടെ മറുപടിയെന്നും ഷഹനാസ് വേദനയോടെ വെളിപ്പെടുത്തി. താൻ വിശ്വസിച്ച് പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രസ്ഥാനം തന്നെ അപമാനിച്ചിട്ടേയുള്ളൂവെന്നും ഷഹനാസ് പ്രതികരിച്ചു. തന്നെ ചൂഷണം ചെയ്ത വേട്ടപ്പട്ടിയെ കോൺഗ്രസ് സ്ഥാനങ്ങൾ നൽകി ആദരിച്ചിട്ടുണ്ടെന്നും ഷഹനാസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.