

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടിയെ തട്ടികൊണ്ടുപോയെന്ന കേസിൽ മധ്യപ്രദേശ് പൊലീസ് സംഘം കേരളത്തിൽ നിന്ന് മടങ്ങി. കേരളത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്താനായില്ല.
അതേസമയം തനിക്കെതിരെ വ്യാജരേഖ ചമച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ കേരള പൊലീസ് കേസെടുത്തിട്ടില്ല. ഉത്തർപ്രദേശ് സ്വദേശിക്ക് എതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. കേസെടുക്കാത്തതിനാൽ പെൺകുട്ടിക്ക് രഹസ്യമൊഴി നൽകാൻ സാധിക്കില്ല. പൊലീസ് നടപടി വൈകുന്നതിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പെൺകുട്ടിയും പങ്കാളിയും. മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയതിന് പിന്നാലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി നേരത്തെ മുഖ്യമന്ത്രിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു.
മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ ശ്രീനൈനാർ ദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ടുമാസവും മാത്രമായിരുന്നു പ്രായം എന്നാണ് ദേശീയ പട്ടികവർഗ കമീഷൻ്റെ റിപ്പോർട്ട്. വിവാഹ വിവാദത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതിൽ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടിയിരുന്നു.