രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ എഐസിസിക്ക് പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന. ബി. സാജന് മഹിളാ കോൺഗ്രസ് നേതാവിന്റെ ഭീഷണി. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കന്റെതാണ് ഭീഷണി. എല്ലാത്തിനും കണക്കുചോദിക്കാൻ അവൻ തിരിച്ചെത്തും എന്നാണ് രഞ്ജിത ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.
"സജന, ഇരുന്നിട്ടൊന്ന് കാല് നീട്ടിയാൽ പോരായിരുന്നോ? ഈ പുലിമുറുപ്പുള്ള ചെക്കൻ്റെ പവറൊന്ന് അറിഞ്ഞിട്ട്, ആ താളത്തിലൊന്ന് ഒതുങ്ങി ഇരുന്നിട്ട് കാല് നീട്ടിയാൽ മതിയായിരുന്നു, കാത്തിരുന്നോളൂ, അവൻ ചുമ്മാതിരിക്കുന്ന ഒരു ചെക്കനല്ല" എന്നും ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ രഞ്ജിത പറയുന്നുണ്ട്. ഇവിടെ കണ്ടതിനെല്ലാം കണക്ക് ചോദിക്കാനായ് അവൻ തിരിച്ചെത്തുമെന്ന് കുറിച്ചാണ് രഞ്ജിത വീഡിയോ പങ്കുവച്ചത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥർ അതിജീവിതയുടെ മൊഴിയെടുത്തു. തിരുവനന്തപുരം റൂറല്‍ എസ് പിയും സംഘവുമാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്ന മൊഴികളില്‍ വകുപ്പുകള്‍ ചുമത്തും. രാഹുലിനെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ന്യൂസ് മലയാളം പുറത്തുവിട്ടതിന് പിന്നാലെയാണ് അതിജീവിതയായ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളത്. ഇന്ന് വൈകീട്ടോടെ സെക്രട്ടറിയേറ്റിൽ നേരിട്ടെത്തിയാണ് പെൺകുട്ടി മുഖ്യമന്ത്രിയെ കണ്ട് പരാതി കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്. പരാതിക്ക് അടിസ്ഥാനമായ നിർണായകമായ ഡിജിറ്റൽ തെളിവുകളും പെൺകുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.