
നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വെള്ളക്കെട്ട സ്വദേശി വിനീഷാണ് അറസ്റ്റിലായത്. പന്നിക്ക് വെച്ചത് വൈദ്യുതി കെണി തന്നെയാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതി സ്ഥിരമായി വന്യമൃഗ ങ്ങളെ കെണി വെച്ച് പിടികൂടുന്നയാളാണ്. വിനീഷ് ഒറ്റയ്ക്കാണ് വൈദ്യുതി കെണി വെച്ചതെന്നും പൊലീസ് വ്യക്തമാക്കി. വിനീഷിൻ്റെ സുഹൃത്ത് കുഞ്ഞുമുഹമ്മദും കസ്റ്റഡിയിലുണ്ട്. സംഭവത്തിൽ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവാണ് കഴിഞ്ഞദിവസം ഷോക്കേറ്റ് മരിച്ചത്. ഒരു കുടുംബത്തിലെ മീന്‍ പിടിക്കാന്‍ പോയ നാല് പേര്‍ക്കാണ് ഷോക്കേറ്റത്. യദു കൃഷ്ണ, ഷാനു, വിജയ് എന്നിവരാണ് ഷോക്കേറ്റ് ചികിത്സയിലുള്ളത്. ഫെന്‍സിങ്ങിന് സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.
അപകടത്തിൽ നേതാക്കളായ എം. സ്വരാജ്, ആര്യാടന്‍ ഷൗക്കത്ത്, ജ്യോതികുമാര്‍ ചാമക്കാല, ഷോണ്‍ ജോര്‍ജ് തുടങ്ങിയവർ പ്രതികരിച്ചിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ എം. സ്വരാജ് പ്രതികരിച്ചത്.കുറ്റക്കാര്‍ക്കെതിരെ ഗൗരവകരമായ അന്വേഷണം വേണം. ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയുമായി സംസാരിച്ചുവെന്നും സ്വരാജ് പറഞ്ഞിരുന്നു.
കൃത്യമായ അന്വേഷണം വേണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്നാണ് ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചത്. കെഎസ്ഇബിയുടെ ഭാഗത്ത് വന്‍ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.