
കൊച്ചി: സംഘപരിവാറിനെതിരെ വിമർശനവുമായി ദീപിക മുഖപ്രസംഗം. വർഗീയവാദികളുടെ കങ്കാരു കോടതികൾ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുന്നുവെന്നാണ് വിമർശനം. ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ലേഖനം.
'കന്യാസ്ത്രീകളല്ല ബന്ദി, മേതേതര ഭരണഘടന' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും ആയുധങ്ങളുമായി കടന്നുചെല്ലുന്നുവെന്ന് മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. ക്രിസ്മസും ഈസ്റ്ററും പരസ്യമായി ആഘോഷിക്കാൻ സംഘപരിവാറിന്റെ ഔദാര്യം വേണമെന്നാണ് സ്ഥിതി. ബൈബിളിനും ക്രൂശിതരൂപത്തിനും പരോക്ഷ വിലക്കുണ്ടെന്നും ആരോപണം നീളുന്നു.
വർഗീയവാദികൾ എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന സ്ഥിതിയാണുള്ളത്. ക്രിസ്ത്യൻ നാമ ശുഭ്ര വസ്ത്രധാരികളും അവരുടെ ഒളി സംഘടനകളും സംഘപരിവാറിനൊപ്പം നിൽക്കുന്നു എന്നും ആരോപണമുണ്ട്. ന്യൂനപക്ഷങ്ങൾ കേരളത്തിൽ ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളിലും അരക്ഷിതാവസ്ഥയിലാണ്. ഛത്തീസ്ഗഡിലും ഒഡീഷയിലും കന്യാസ്ത്രീകൾക്ക് കുറ്റപത്രവും കേരളത്തിൽ പ്രശംസ പത്രവും നൽകുന്ന രാഷ്ട്രീയം മതേതര സമൂഹം തിരിച്ചറിയുന്നുണ്ടെന്ന് ദീപിക ചൂണ്ടിക്കാട്ടുന്നു.
സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുർഗിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ കന്യാസ്ത്രീകളാണ് ഛത്തീസ്ഗഡില്‍ അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്‍ഫോം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത റെയില്‍വേ പൊലീസ് പിന്നീട് ചില തീവ്രഹിന്ദു സംഘടനകളില്‍പ്പെട്ടവരെ വിളിച്ചുവരുത്തുകയായിരുന്നു. ഇവർ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയും കന്യാസ്ത്രീകളെ അധികൃതർ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ നിന്ന് കൂട്ടിക്കൊണ്ട് വരാൻ പോയ മൂന്ന് പെൺകുട്ടികളും ക്രിസ്ത്യൻ വിഭാഗക്കാരാണെന്ന് സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശാ പോൾ പറയുന്നു. കൃത്യമായ യാത്രാ രേഖകളും കന്യാസ്ത്രീകളുടെ പക്കൽ ഉണ്ടായിരുന്നു. മത പരിവർത്തനം നടത്തിയിട്ടില്ലെന്നും സിസ്റ്റർ ആശാ പോൾ അറിയിച്ചു.
റിമാൻഡിലായ കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജയിലിലാണുള്ളത്. ഇവർ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. മത പരിവർത്തനവും മനുഷ്യക്കടത്തുമാണ് ഇവർക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍.