

തിരുവനന്തപുരം: മലപ്പുറത്തെ പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തത് അന്വേഷിക്കണമെന്ന് കെ. പ്രേംകുമാർ എംഎൽഎ ആവശ്യപ്പെട്ടു. സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായാണ് പെൻഷൻ വിതരണം നടന്നിരിക്കുന്നത്. ഇതെല്ലാം ക്രമവിരുദ്ധമായ നടപടിയാണെന്നും എംഎൽഎ പറഞ്ഞു.
സ്പീക്കറുടെ ശ്രദ്ധ ക്ഷണിക്കൽ ആയിട്ടാണ് വിഷയം അവതരിപ്പിച്ചത്. എന്നാൽ അഴിമതി ആരോപണം ശ്രദ്ധ ക്ഷണിക്കലായല്ല അവതരിപ്പിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞു. പാർട്ടി ഓഫീസിലെ പെൻഷൻ വിതരണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ.എം. ഷാജി മറുപടി പറഞ്ഞു.
പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു. അതുകൊണ്ടാണ് ഇപ്രകാരം പെൻഷൻ നൽകേണ്ടി വന്നത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് സമീപത്തെ മുറിയിലേക്ക് മാറ്റിയത് .
പണം വിതരണം ചെയ്തുവെന്ന് പറയുന്ന ഓഫീസ് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഓഫീസായി പ്രവർത്തിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെട്ടിടത്തിൻ്റെ മുൻഭാഗത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എന്ന ബോർഡ് മാറ്റിയിരുന്നില്ല. പെൻഷൻ ഇങ്ങനെ വിതരണം ചെയ്തത് ശരിയായില്ല എന്ന് കണ്ട് നടപടിയെടുത്തുവെന്നും കെ.എം. ഷാജി സഭയിൽ പറഞ്ഞു. കൂടാതെ പെൻഷൻ വിതരണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റിയെന്നും മന്ത്രി പറഞ്ഞു.