
മലപ്പുറം: മലയാള സർവകലാശാല ആസ്ഥാന മന്ദിരത്തിനായി യുഡിഎഫ് ഭരണകാലത്താണ് സ്ഥലം ഏറ്റെടുത്തെന്ന വാദം തെറ്റാണെന്ന് ആവർത്തിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ബന്ധുക്കൾക്കും ഭൂമി കച്ചവടത്തിൽ ബന്ധമെന്നും പി.കെ ഫിറോസ് ആരോപിച്ചു. വിഷയത്തില്‍ മന്ത്രിയും കെ.ടി. ജലീലും മറുപടി പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കലിൽ 15 കോടിയുടെ അഴിമതി നടന്നുവെന്ന് പി.കെ. ഫിറോസ് ആരോപിച്ചു. കള്ള പണം വെളുപ്പിക്കൽ നടന്നു. ആകെ രണ്ടര കോടി രൂപയാണ് ഉടമകൾക്ക് കൊടുത്തതെന്നും ഫിറോസ് പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് ഭൂമി ഏറ്റെടുക്കാന്‍ കൃഷിവകുപ്പ് അനുമതി നൽകി എന്ന വാദവും വെട്ടം വില്ലേജിൽ 25 കോടി അനുവദിച്ചു എന്ന വാദവും തെറ്റാണെന്ന് ഫിറോസ് പറഞ്ഞു. ആ കാലത്ത് നയപരമായ ഒരു തീരുമാനവും എടുത്തില്ല. പ്രെപ്പോസൽ അയച്ചിരുന്നു. 2016 ജൂണ്‍ 23ന് ആണ് സർക്കാരിന് അത് ലഭിക്കുന്നത്. അന്ന് ഭരിക്കുന്നത് യുഡിഎഫ് അല്ല. മലയാള സർവകലാശാല യുഡിഎഫ് കൊണ്ടുവന്നതാണെന്നും ജലീലും 'കുറുവാ സംഘവും' അതിൻ്റെ ക്രഡിറ്റ് ഏറ്റെടുക്കാൻ വേണ്ടി ശ്രമിക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു.
യുഡിഎഫ് സർക്കാർ കാലത്ത് 100 ഏക്കർ ആതവനാട് വില്ലേജിൽ ഭൂമി ഏറ്റെടുക്കാൻ ഉത്തരവ് ഇറങ്ങിയിരുന്നു. ആതവനാട് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം തടഞ്ഞത് ഈ 'കുറുവാ സംഘ'മാണ്. 2017ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രനാഥ് ഭൂമി ഏറ്റെടുക്കൽ നിർത്തിവച്ചിരുന്നു. ഇതിനെ അട്ടിമറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജലീൽ എത്തി. ഈ ഭൂമിക്കൊള്ളയ്ക്ക് കളമൊരുക്കാനായിരുന്നു അത്. ആതവനാട്ടെ ഭൂമി ഏറ്റെടുക്കണമെന്ന പരാതിയിൽ കോടതി ഇടപെട്ടു. അന്ന് മന്ത്രിയായ കെ.ടി. ജലീൽ ഇതിനെതിരെ അപ്പീൽ പോയി. ഇത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നും ഫിറോസ് ചോദിച്ചു. കെ.ടി.ജലീലിനെതിരെ വിജിലൻസ് അന്വേഷണം വേണം. അബ്ദുറഹിമാന്റെ ബന്ധുവിന്റെ പങ്ക് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേർത്തു.
എല്ലാ നിയമ നിർദേശങ്ങളും കോടതി നിർദേശവും അട്ടിമറിച്ചാണ് 17.65 കോടി രൂപ അനുവദിക്കാൻ വേണ്ടി ആവശ്യപ്പെട്ടത്. ഈ ഇടപാടിൽ ലഭിച്ച പണം തുടർന്ന് വന്ന തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിച്ചു. സിപിഐയുടെ മലപ്പുറം ജില്ലാ കമ്മിറ്റി ഈ ഭൂമി ഏറ്റെടുക്കലിൽ വിയോജിപ്പ് അറിയിച്ചിരുന്നുവെന്നും ഫിറോസ് അറിയിച്ചു.
നേരത്തെ, മലയാളം സർവകലാശാല ഭൂമി വിവാദത്തിൽ നിർണായക രേഖകൾ പുറത്തുവന്നിരുന്നു. തിരൂരിലെ ഭൂമി ഏറ്റെടുത്തത് യുഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെയാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു രേഖ. ചതുപ്പായി കിടക്കുന്ന സ്ഥലം തരം മാറ്റുന്നതിന് വേണ്ടി കൃഷിവകുപ്പിൽ നിന്ന് അനുമതി വാങ്ങിയ രേഖയാണ് പുറത്തുവന്നത്. 2015 ജൂലൈയിലാണ് അനുമതി വാങ്ങിയത്. 2015 സെപ്റ്റംബറിൽ രജിസ്ട്രാർക്ക് ഭൂമി വാങ്ങിക്കാൻ യുഡിഎഫ് സർക്കാർ അനുമതി കൊടുത്തതിന്റെ ഉത്തരവും പുറത്തുവന്നിട്ടുണ്ട്. 25 കോടിക്കുള്ള ഭരണാനുമതി യുഡിഎഫിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയതായിട്ടാണ് ഉത്തരവില്‍ നിന്ന് മനസിലാകുന്നത്. ഭൂമി ഏറ്റെടുക്കല്‍ വിവാദത്തില്‍ തെളിവുകൾ കൊണ്ടുവരാന്‍ ഫിറോസ് വെല്ലുവിളിച്ചതിനു പിന്നാലെയാണ് നിർണായക വിവരങ്ങള്‍ പുറത്തുവന്നത്.