
അന്‍വറുമായുള്ള കൂടിക്കാഴ്ച തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അത് തെറ്റ് തന്നെയാണ്. നേതൃത്വം പറയുന്നത് അംഗീകരിക്കുന്നു. പാര്‍ട്ടി പറയുന്നതാണ് ശരിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ അറിവോടെയാണ് താന്‍ അന്‍വറിനെ കാണാന്‍ പോയതെന്ന് പറഞ്ഞിട്ടില്ലെന്നും മുന്നണിക്ക് വേണ്ടി സംസാരിക്കാനല്ല താന്‍ പോയതെന്നും രാഹുല്‍ പറഞ്ഞു.
മുന്നണിക്ക് ജയിക്കാന്‍ ജനങ്ങളുടെ അല്ലാതെ ഒരാളുടെയും സഹായം വേണ്ട. പാര്‍ട്ടിക്കെതിരെ തനിക്ക് ഒരു ഈഗോയുമില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ അറിവില്ലാതെ കഴിഞ്ഞദിവസം രാത്രി 11.45 ഓടെയാണ് രാഹുല്‍ അന്‍വറിനെ കാണാന്‍ പോയത്. ഇത് വിവാദമാവുകയും ചെയ്തു. പിന്നാലെയാണ് വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം രംഗത്തെത്തിയത്.
പി.വി. അന്‍വറിനെ കാണാന്‍ പോയത് അദ്ദേഹം പിണറായിസത്തെ എതിര്‍ക്കുന്നത് കൊണ്ടാണെന്നും അതി വൈകാരികമായട്ടല്ല തീരുമാനം എടുക്കേണ്ടത് എന്നും നിങ്ങളുടെ ട്രാക്ക് ശരിയല്ലെന്നുമാണ് താന്‍ പറഞ്ഞതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചു. എന്നാല്‍ ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും രാഹുലിനെ തള്ളി രംഗത്തെത്തി.
രാഹുല്‍ പോയത് തെറ്റാണെന്നും പോകാന്‍ പാടില്ലായിരുന്നുവെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ പോയത്. അന്‍വറിന്റെ യുഡിഎഫ് പ്രവേശം അടഞ്ഞ വാതില്‍ ആണെന്നും സതീശന്‍ പറഞ്ഞു.
'യുഡിഎഫ് നേതൃത്വത്തിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റേയോ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ സന്ദര്‍ശിച്ചത്. അദ്ദേഹവുമായി ഇനിയൊരു ചര്‍ച്ചയും ഇല്ലെന്ന് തന്നെയാണ് യുഡിഎഫ് തീരുമാനം. കാരണം ഞങ്ങള്‍ യോഗം ചേര്‍ന്ന് ആ തീരുമാനം ഔദ്യോഗികമായി യുഡിഎഫ് കണ്‍വീനര്‍ അദ്ദേഹത്തെ അറിയിച്ചു. ഞങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ ആലോചിക്കാം എന്ന് പറഞ്ഞു. എന്നാല്‍ അടുത്ത ദിവസം വന്ന് അത് തന്നെ ആവര്‍ത്തിച്ചതുകൊണ്ട് ആ വാതില്‍ ഞങ്ങള്‍ അടച്ചു. ഇനി അതില്‍ ഒരു ചര്‍ച്ചയില്ല. ഞങ്ങള്‍ ആരെയും അക്കാര്യത്തില്‍ ചര്‍ച്ചയ്ക്കായി ചുമതലപ്പെടുത്തിയിട്ടുമില്ല. മാത്രമല്ല, ജൂനിയര്‍ ആയിട്ടുള്ള ഒരു എംഎല്‍എയെ ആണോ ചുമതലപ്പെടുത്തുക? അദ്ദേഹം സ്വമേധയാ പോയതാണ്. അദ്ദേഹം പോയത് തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. പോകാന്‍ പാടില്ലായിരുന്നു. വിഷയത്തില്‍ വിശദീകരണം ചോദിക്കേണ്ടത് ഞാന്‍ അല്ല. പക്ഷെ പോകാന്‍ പാടില്ലായിരുന്നു,' വി.ഡി. സതീശന്‍ പറഞ്ഞു.
അന്‍വറുമായി കൂടിക്കാഴ്ച നടത്താന്‍ രാഹുലിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തന്നെയായിരുന്നു സണ്ണി ജോസഫും പറഞ്ഞു. നടന്നത് വ്യക്തിപരമായ കൂടിക്കാഴ്ചയാകാം. വിശദീകരണം ചോദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.