

ഡൽഹി: : രാജ്യത്തെ പരമോന്നത പത്മപുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നടൻ മമ്മൂട്ടിയും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഏറ്റുവാങ്ങി. വിദ്യാഭ്യാസ-സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പി. നാരായണനും പുരസ്കാരം സ്വീകരിച്ചു.
കൂടാതെ നീതിന്യായ രംഗത്തെ മികവിന് ജസ്റ്റിസ് കെ.ടി. തോമസും പത്മ പുരസ്‌കാരം സ്വീകരിച്ചു. ആകെ 65 പേർക്കാണ് രണ്ടാംഘട്ട പത്മ പുരസ്‌കാര വിതരണ ചടങ്ങിൽ ആദരവ് ലഭിച്ചത്. പത്മഭൂഷൺ ലഭിച്ച ഏഴു പേർക്ക് പുറമെ, 56 പേർ പത്മശ്രീ പുരസ്‌കാരങ്ങളും ചടങ്ങിൽ സ്വീകരിച്ചു.
ആദ്യഘട്ടത്തിൽ പുരസ്‌കാരം വാങ്ങാൻ ബാക്കിയുണ്ടായിരുന്നവർക്കാണ് രണ്ടാംഘട്ട വിതരണച്ചടങ്ങ് സംഘടിപ്പിച്ചത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.