വിഎസിൻ്റെ വേര്‍പാടില്‍ മമ്മൂട്ടിയും മോഹൻലാലുമടക്കം അനുശോചനവുമായി നിരവധി സിനിമാ താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ മമ്മൂട്ടിയും വിഎസും തമ്മിൽ അധികമാരും പറഞ്ഞുകേൾക്കാത്ത ഒരു കഥയുമുണ്ട്. വി. എസ്. അച്യുതാനന്ദൻ്റെ വാക്കിന് മുകളിൽ മമ്മൂട്ടി ഒരിക്കൽ വേണ്ടെന്ന് വെച്ചത് കോടികളാണ്. ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടി കൈരളി ചെയർമാൻ കൂടിയായിരുന്ന കാലത്താണ് കഥ നടക്കുന്നത്.
ജനകീയ സമരങ്ങളിലെ ശക്തമായ സാന്നിധ്യമായാണ് കേരളം വിഎസിനെ ഓർക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കക്കോള ബോട്‌ലിംഗ് പ്ലാന്റിനെതിരെ നടന്ന സമരം. അന്ന് പ്ലാച്ചിമടയിൽ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു വിഎസ്.
അന്ന് കൊക്കകോള ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുത്തത് മമ്മൂട്ടിയെയായിരുന്നു. രണ്ട് കോടി രൂപയുടെ ഓഫർ മമ്മൂട്ടി സ്വീകരിക്കുകയും ചെയ്തു. ഒരു പരസ്യതാരമാകാന്‍ തെന്നിന്ത്യയിലെ ഒരു സിനിമാ താരത്തിന് അന്ന് ഓഫര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയാണിതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അന്നത്തെ ഇടതുപക്ഷം എതിർക്കുന്ന ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി കൈരളി ചാനൽ ചെയർമാൻ വരുന്നെന്ന വാർത്ത വലിയ ചർച്ചയായി.
വാര്‍ത്ത പുറത്തെത്തി തൊട്ടടുത്ത ദിവസം കോട്ടയം ഗസ്റ്റ് ഹൗസില്‍ വെച്ച് അന്നത്തെ പ്രതിപക്ഷ നേതാവായ വി. എസ്. അച്യുതാനന്ദന് നേരെ ചോദ്യമുയർന്നു. " കൈരളി ചാനൽ ചെയർമാൻ മമ്മൂട്ടി കൊക്കകോളയുടെ ബ്രാൻഡ് അംബാസഡറാകുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം?". നിലപാടുകൾ എവിടെയും ഉറക്കെ പറയുന്ന വിഎസ് നിസശംയം പറഞ്ഞു. " ഒന്നുകിൽ കൈരളി, അല്ലെങ്കിൽ കൊക്കകോള. രണ്ടും ഒരുമിച്ച് നടക്കില്ല,".
വിഎസിൻ്റെ നിലപാട് വ്യക്തമായിരുന്നു. പ്ലാച്ചിമട സമരഭൂമിയിൽ കൊക്കകോള കമ്പനിക്കെതിരെ നിന്ന വിഎസിന്, ഇടതുപക്ഷ ചാനലിന്റെ ചെയര്‍മാന്‍ അതേ കമ്പനിയെ പരസ്യത്തിൽ അഭിനയിക്കുന്നത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
മമ്മൂട്ടിക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കൊക്കകോളയുടെ രണ്ട് കോടി ഓഫറിന് മുകളിൽ മമ്മൂട്ടി വിഎസിൻ്റെ വാക്കിനെ കണ്ടു. ദിവസങ്ങൾക്കുള്ളിൽ കൊക്കക്കോളയുടെ അംബാസഡറാകാനുളള തീരുമാനത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറുനെന്ന വാർത്തയും പുറത്തുവന്നു.