

കണ്ണൂർ: സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ ഇരിട്ടിയിൽ ലഹരിക്കടത്തിൽ പിടിയിൽ. കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശി ടി.ഫസലുദ്ദീനെയാണ് പൊലീസ് പിടി കൂടിയത്.
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തിയ കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. സൗദിയിൽ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 10 വർഷത്തോളം ജയിലിലായിരുന്നു. ഇയാളെ ജയിൽ മോചിതനാക്കിയത് സന്നദ്ധ സംഘടനകൾ 80 ലക്ഷം രൂപ മോചന ദ്രവ്യം നൽകിയായിരുന്നു.
ജയിൽ മോചിതനായി നാട്ടിലെത്തിയ ശേഷവും ഇയാൾ ലഹരി കടത്ത് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. മുൻപ് ബംഗളൂരു ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന സമയത്താണ് ഇയാൾ ലഹരി മാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്നും, ഈ ബന്ധം ഉപയോഗിച്ചാണ് കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫസലുദ്ദീനാണ് പ്രധാന വിതരണക്കാരനെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.