

തിരുവനന്തപുരം: മന്ത്രിപദവിയിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ പരോക്ഷമായി വിമർശിച്ച് മാണി സി. കാപ്പൻ. ഒരു എംഎൽഎ മാത്രമുളള പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകുന്നതിനെ ഒരു ഘടകക്ഷി എതിർത്തു. കിട്ടിയ അവസരം മുതലാക്കി കോൺഗ്രസ് 12 മന്ത്രിസ്ഥാനങ്ങൾ സ്വന്തമാക്കി. യുഡിഎഫിൽ കൂടുതൽ സുതാര്യത വേണമായിരുന്നെന്നും മാണി സി. കാപ്പൻ പറഞ്ഞു.
"മന്ത്രിസ്ഥാനം ഓഫർ ചെയ്തിരുന്നു. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ഘടകകഷി അതിനെ എതിർത്തു. ഏക എംഎൽഎമാരുള്ള പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകുന്നുവെന്നും കൂടുതൽ ആളുകൾ ഉണ്ടായിട്ടും അവർക്ക് രണ്ട് മന്ത്രി സ്ഥാനം കിട്ടുന്നില്ലെന്ന് പറഞ്ഞു. സ്വാഭാവികമായും കിട്ടിയ അവസരം കോൺഗ്രസ് മുതലാക്കി. അവർ 11 എന്നുള്ളത് മുഖ്യമന്ത്രിയടക്കം 12 ആക്കി. ടീം യുഡിഎഫ് എന്ന നിലയ്ക്ക് കുറച്ച് കൂടി സുതാര്യത വരുത്തണം ആയിരുന്നു. എന്നാൽ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു. പരാതികളും പ്രശ്നങ്ങളുമില്ല", മാണി സി. കാപ്പൻ്റെ വാക്കുകൾ.
പരാതി പരിഹരിച്ചുവെന്നും എതിർത്ത ഘടകകക്ഷി ആരാണെന്ന് പറയാൻ താല്പര്യപ്പെടുന്നില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു. മന്ത്രി സ്ഥാനം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അനൂപ് ജേക്കബിന്റെ വകുപ്പ് ടേം വ്യവസ്ഥയിൽ തനിക്ക് നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. രണ്ടര വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം കിട്ടും. ടേം വ്യവസ്ഥ മുഖ്യമന്ത്രി ഇന്ന് ഔദ്യോഗികമായി അറിയിക്കും. നിലവിലെ സാഹചര്യത്തിൽ തൃപ്‌തനാണെന്നും വളരെ സന്തോഷത്തോടെയാണ് പാലയിലേക്ക് മടങ്ങുന്നതെന്നും മാണി സി. കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.