പകല്‍ ആഡംബര കാറില്‍ കറക്കം, രാത്രി ബൈക്കിലെത്തി മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

മലപ്പുറം കാവനൂര്‍ വടക്കമല റോഡില്‍ കോടികള്‍ വിലമതിക്കുന്ന ആഢംബര വീടും ഇയാൾ നിർമിക്കുന്നുണ്ട്
മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും മോഷണം നടത്തിയെന്ന കേസിൽ സൈനുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം മഞ്ചേരിയിൽ മോഷണക്കേസിൽ പൊലീസ് പിടിയിലായ പ്രതി
Published on: 
Updated on: 

മലപ്പുറം: മഞ്ചേരി നഗരത്തിലും പരിസരപ്രദേശങ്ങളിലും ആളില്ലാത്ത വീടുകളില്‍ മോഷണപരമ്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ വലയിലായി. വീടുകള്‍ കുത്തിത്തുറന്ന് മോഷണം നത്തിയിരുന്ന തേഞ്ഞിപ്പലം സ്വദേശി സൈനുദ്ദീനാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്.

പകല്‍ ആഡംബര കാറിലെത്തി വീടുകള്‍ നിരീക്ഷിച്ച ശേഷം അര്‍ധ രാത്രി ആയുധങ്ങളുമായി ഇരുചക്രവാഹനത്തിലെത്തി മോഷണം നടത്തും. സിസിടിവി ഉള്ള സ്ഥലങ്ങളില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കും കൊണ്ടാണ് സൈനുദ്ദീന്‍ മുങ്ങിയിരുന്നത്.

വസ്ത്രവ്യാപാരിയാണ് എന്ന് ബോധ്യപ്പെടുത്തുന്ന വിധം പകല്‍ സമയത്ത് ആഡംബര കാറില്‍ കറങ്ങിയാണ് സൈനുദ്ദീന്‍ ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടെത്തിയിരുന്നത്. പല നിരീക്ഷണങ്ങളിലൂടെയും വീടുകള്‍ ഉറപ്പാക്കി കഴിഞ്ഞാല്‍ അര്‍ധരാത്രി മുഖം മൂടിയും ഗ്ലൗസും ധരിച്ച് ഇരുചക്ര വാഹനത്തില്‍ സൈനുദ്ദീന്‍ വീണ്ടും വരും. വാതില്‍ പൊളിച്ച് അകത്തുകയറാന്‍ സൈനുദ്ദീന്റെ പക്കല്‍ പ്രത്യേക ആയുധങ്ങളും ഉണ്ട്.

മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും മോഷണം നടത്തിയെന്ന കേസിൽ സൈനുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചാല സ്വർണക്കവർച്ച; മുടവൻമുകളിൽ ഒളിപ്പിച്ച സ്വർണവും കണ്ടെത്തി

മോഷണം തൊഴിലാക്കിയ സൈനുദ്ദീന്‍ മലപ്പുറം കാവനൂര്‍ വടക്കമല റോഡില്‍ കോടികള്‍ വിലമതിക്കുന്ന ആഢംബര വീട് നിര്‍മിച്ചുവരികയാണ്. ഓരോ ജില്ലകളിലും കവര്‍ച്ച നടത്തിയ ശേഷം മറ്റ് ജില്ലകളിലേക്ക് മാറി ആഡംബര ജീവിതം നയിക്കുന്നതാണ് സൈനുദ്ദീന്റെ രീതി. കോഴിക്കോട് ജില്ലയില്‍ ഒരു പോക്‌സോ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

സ്ഥിരം നടക്കുന്ന മോഷണങ്ങളും സിസിടിവി ദൃശ്യങ്ങളും വ്യാപകമായി പരിശോധിച്ചതോടെയാണ് 43കാരനായ സൈനുദ്ദീന് പിടിവീഴുന്നത്. പതിനെട്ടാമത്തെ വയസ്സിലാണ് സൈനുദ്ദീന്‍ മോഷണത്തിനിറങ്ങുന്നത്. നൂറോളം മോഷണക്കേസുകളാണ് കേരളത്തിലെ പല ജില്ലകളിലായി ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പാലക്കാട്ടെ മോഷണക്കേസുകളില്‍ ജയിലിലായ സൈനുദ്ദീന്‍ 2024ല്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. തുടര്‍ന്ന് സഹോദരിക്കും കുടുംബത്തിനുമൊപ്പം മഞ്ചേരി, കാവനൂര്‍, രാമന്‍കുളം എന്നിവിടങ്ങളില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. സൈനുദ്ദീനെ കോടതി പെരിന്തല്‍മണ്ണ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.