കാസര്‍ഗോഡ്: 1927ൽ ആരംഭിച്ച മഞ്ചേശ്വരം ഉദ്യാവര്‍ തോട്ട ജിഎംഎല്‍പി സ്‌കൂൾ ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ. സ്കൂൾ തുറന്ന് 6 ദിനങ്ങൾ പിന്നിട്ടിട്ടും സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് വിദ്യാഭ്യാസ വകുപ്പ് ഫിറ്റ്നസ് നൽകിയില്ല. 35 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അംഗീകാരം നൽകിയില്ലെങ്കിൽ സ്‌കൂൾ പ്രവർത്തനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നാണ് അധ്യാപകരുടെ ആശങ്ക.
സ്വാതന്ത്ര്യത്തിന് മുൻപ് കന്നട മീഡിയത്തിൽ പ്രവർത്തനമാരംഭിച്ച സ്‌കൂളാണ് ഇത്. സ്‌കൂള്‍കെട്ടിടവും സ്ഥലവും മഞ്ചേശ്വരം ആയിരം ജമാഅത്തിന് കീഴിലുള്ള ഷെയ്ഖ് സുല്‍ത്താന്‍ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ്. വഖഫ് ഉടമസ്ഥതയിലായതിനാല്‍ സ്‌കൂളിൻ്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുണ്ട്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച ഓടുമേഞ്ഞ ഹാള്‍ മാതൃകയിലുള്ള കെട്ടിടം പലക വച്ച് തിരിച്ചുണ്ടാക്കിയ നാല് ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ഈ കെട്ടിടത്തിൽ തന്നെയാണ് ഒരു മുറി അങ്കണവാടിയും പ്രവര്‍ത്തിക്കുന്നത് . ശേഷമുള്ള മൂന്ന് മുറികളില്‍ ഒന്നില്‍ സ്‌കൂള്‍ ഓഫീസും ഒരു ക്ലാസ് മുറിയും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മദ്രസയുടെ ഒറ്റ ശൗചാലയം മാത്രമാണ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഉള്ളത്.
സ്ഥാപനങ്ങളിലേക്ക് വെള്ളമെടുക്കാൻ തൊട്ടടുത്ത വീടുകളിൽ പോകണം. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന് ഓടുമേഞ്ഞ നിന്ന് തിരയാൻ പോലു ഇടമി ല്ലാത്ത അടുക്കള. ഇവിടുന്ന് തന്നെയാണ് സ്കൂളിലേക്കും അംഗനവാടിയിലേക്കും ഭക്ഷണം ഉണ്ടാക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണിക്ക് പോലും സര്‍ക്കാര്‍ സഹായം ലഭ്യമാകാത്ത സ്ഥിതിയാണ് .
കന്നഡ മീഡിയത്തിൽ ഒന്നു മുതല്‍ നാലുവരെ 26 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. അംഗനവാടിയിലും പത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. പഠിക്കുന്നവരിലേറെയും നിർധന കുടുംബങ്ങളിലെയും അതിഥി തൊഴിലാളികളുടെയും മക്കളാണ്. അധ്യാപകർ സ്വന്തം കയ്യിൽ നിന്ന് പണം എടുത്താണ് സ്കൂളിൽ വാഹന സൗകര്യം ഏർപ്പെടുത്തുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിലുള്ളപ്പോഴാണ് ഈ സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളും വികസനവും ഇല്ലാതെ ഈ വിദ്യാർഥികളും അധ്യാപകരും ബുദ്ധിമുട്ടുന്നത്.
നിയമമനുസരിച്ച് ഉള്ള യാതൊരു പശ്ചാത്തല സൗകര്യങ്ങളും സ്കൂളിൽ ഇല്ല എന്നത് ഗൗരവതരമാണ്. എന്നാൽ താൽക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി തൊട്ടടുത്ത മദ്രസയിലേക്ക് സ്കൂൾ മാറ്റി അധ്യയനം തുടരാനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.