കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫിന് സർപ്രൈസ് സ്ഥാനാർഥി. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനെ സ്ഥാനാർഥിയായി പരിഗണിക്കണമെന്നാണ് കോട്ടയം ഡിസിസിയുടെ ആവശ്യം. മറിയം മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും കെപിസിസിയെ ഡിസിസി നേതൃത്വം അറിയിച്ചു. കാഞ്ഞിരപ്പള്ളിയല്ലെങ്കിൽ ചെങ്ങന്നൂരിലോ, ആറന്മുളയിലോ സീറ്റ് നൽകണമെന്നും കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
സഹോദരികളായ അച്ചു ഉമ്മനും മറിയം ഉമ്മനും മത്സരിക്കില്ലെന്ന് വ്യക്തമാക്കി ചാണ്ടി ഉമ്മൻ രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ വാർത്ത പുറത്തുവരുന്നത്. സഹോദരിമാരുടെ പേരുകൾ ചർച്ചയിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും താൽപര്യമില്ലെന്നാണ് രണ്ടുപേരും തന്നോട് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. അച്ചു ഉമ്മൻ മത്സരിക്കുമെന്ന വാർത്ത മാധ്യമസൃഷ്ടി മാത്രമാണെന്നും പുതുപ്പള്ളിയിൽ ആരാണ് ഉചിതമെന്ന് പാർട്ടിക്ക് തീരുമാനിക്കാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.