തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയാനൊരുങ്ങി വി.കെ. പ്രശാന്ത് എംഎൽഎ. കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ഒഴിയാനാണ് വി.കെ. പ്രശാന്തിൻ്റെ തീരുമാനം. കൂടുതൽ വിവാദങ്ങൾക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയുന്നത്. ഓഫീസ് ഒഴിഞ്ഞുനൽകാൻ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ ആവശ്യപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു.
വിവാദങ്ങൾക്കൊടുവിൽ ഓഫീസ് ഒഴിഞ്ഞുനൽകാനൊരുങ്ങുകയാണ് വി.കെ. പ്രശാന്ത്. മരുതംകുഴിയിലാണ് വി.കെ. പ്രശാന്ത് എംഎൽഎയുടെ പുതിയ ഓഫീസ് പ്രവർത്തിക്കുക. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ് വി.കെ. പ്രശാന്തിൻ്റെ നിലവിലെ ഓഫീസ് പ്രവർത്തിക്കുന്നത്. മുൻ കൗൺസിലാണ് ഇത് വാടകയ്ക്ക് നൽകിയത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം പിടിച്ചതിന് പിന്നാലെയാണ് മുൻ മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വി.കെ. പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രംഗത്തെത്തിയത്. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണം എന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം. തനിക്ക് താമസിക്കാൻ ഈ കെട്ടിടമാണ് സൗകര്യമെന്നും ശ്രീലേഖ പ്രശാന്തിനെ അറിയിച്ചിരുന്നു.