
കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് ഹരീഷിനെ പ്രതിയാക്കാൻ പൊലീസ് ശ്രമമെന്ന് ആരോപണം. കോയിപ്രം സ്റ്റേഷനിലെ എസ്എച്ച്ഒ സുരേഷ്‌കുമാർ സസ്പെൻഷനിലുള്ള കേസിലാണ് പൊലീസിന്റെ നീക്കം. സുരേഷിന്റെ മരണം സംബന്ധിച്ച് സുഹൃത്ത് അനിൽകുമാർ നൽകിയ മൊഴി തെറ്റായി രേഖപ്പെടുത്തി പ്രതിയാക്കാൻ ശ്രമിക്കുകയാണെന്ന് ഹരീഷ് ആരോപിക്കുന്നു. തന്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്ന് അനിൽകുമാറും വ്യക്തമാക്കി.
മാർച്ച് 22നായിരുന്നു കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത വരയന്നൂർ സ്വദേശി സുരേഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇതോടെ കുടുംബം കസ്റ്റഡി മർദന ആരോപണവുമായി രംഗത്തെത്തി. ആരോപണത്തെ തുടർന്ന് കോയിപ്രം എസ്എച്ചഒ സുരേഷ്കുമാറിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ കേസിലാണ് പുല്ലാട് സ്വദേശിയായ ഹരീഷിനെ പ്രതിയാക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നതായി പരാതി ഉയർന്നത്. പൊലീസ് കസ്റ്റഡിയിൽ മർദനം ഉണ്ടായിട്ടില്ലെന്ന് കാണിക്കാനും മരിച്ച സുരേഷിനെ താനാണ് മർദിച്ചതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നുമാണ് ഹരീഷിന്റെ ആരോപണം. ഇതിന്റെ ഭാഗമായി മരിച്ച സുരേഷിന്റെയും തന്റെയും സുഹൃത്തായ അനിൽകുമാറിന്റെ മൊഴി തിരുത്തിയെന്നാണ് ഹരീഷ് പറയുന്നത്.
സുരേഷിനെ ഹരീഷ് മർദിക്കുന്നതായി കണ്ടു എന്ന് അനിൽകുമാർ പറഞ്ഞതായാണ് പൊലീസ് രേഖകളിൽ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവല്ല ഡിവൈഎസ്പി ഓഫീസിൽ അനിൽകുമാറിനെ വിളിപ്പിക്കുകയും മൊഴി വായിച്ചു കേൾപ്പിക്കുകയും ചെയ്തപ്പോഴാണ് കോയിപ്രം പൊലീസ് രേഖപ്പെടുത്തിയത് തെറ്റായ മൊഴിയാണെന്ന് അനിൽകുമാർ തിരിച്ചറിയുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി ദലിത് സംഘടനകളും രംഗത്തെത്തി. നിരപരാധികളോടുള്ള പൊലീസിന്റെ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും ശക്തമായി പ്രതിരോധം തീർക്കുമെന്നും ദലിത് ലീഡേഴ്സ് കൗൺസിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രൻ പറഞ്ഞു.
ജീവനൊടുക്കിയ സുരേഷിനൊപ്പം ഹരീഷിനെയും സുഹൃത്ത് അനിൽകുമാറിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ക്രൂര മർദനത്തിന് ഇരയായ സുരേഷ് നിലവിളിക്കുന്നത് കേട്ടെന്നും പിന്നാലെ തന്നെയും ക്രൂരമർദ്ദനത്തിന് ഇരയാക്കിയതായും ഹരീഷ് പറഞ്ഞു.