തിരുവനന്തപുരം: ഡോ. ഹാരിസിന് മറുപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. കെ. ജബ്ബാറാണ് മാധ്യമങ്ങളോട് സംസാരിച്ചത്. മെഡിക്കൽ കോളേജിലെ ഉപകരണങ്ങൾ കാണാനില്ലെന്ന പരാതി വന്നതിന് പിന്നാലെ മെഡിക്കൽ കോളേജിലെ പലയിടങ്ങളിലും പരിശോധന നടത്തിയിരുന്നു.
പക്ഷേ ഒന്നും കണ്ടെത്താൻ ആയില്ല. ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻ്റിൻ്റെ റൂമിലും കൂടി പരിശോധിക്കണമെന്ന നിർദേശത്തിന് പുറത്താണ് ആ റൂമിലും പരിശോധിച്ചത്. ഡോ. ടോണിയുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. അത് ശരിയായ രീതിയിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്ന ഉദ്ദേശ്യത്തിലായിരുന്നു.
ഹാരിസ് നല്ലൊരു ഡോക്ടർ ആണെന്നും, ആത്മാർത്ഥമായി ജോലി എടുക്കുമെന്നും ഡോ. പി. കെ. ജബ്ബാർ പറഞ്ഞു. സർവീസ് ചട്ട ലംഘനത്തിനു നോട്ടീസ് കൊടുക്കുക എന്നതിന് അപ്പുറം ഒന്നും സർക്കാരിന് ലക്ഷ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
മുറി പരിശോധിച്ചപ്പോൾ ഒരു പെട്ടി അധികം ആയി കണ്ടു. അതിൽ അസ്വഭാവികത ഉണ്ട്. അതുകൊണ്ട് വിശദ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തുകയും ചെയ്തപ്പോൾ ഉപകരണത്തിൻ്റെ പേരെഴുതിയ ബോക്സാണ് കണ്ടതെന്നും അദ്ദേഹം അറിയിച്ചു. പെട്ടിയിൽ നിന്ന് ബില്ല് ലഭിച്ചിരുന്നു. നിലവിൽ കണ്ടെത്തിയ ഉപകരണം പുതിയതായി വാങ്ങിച്ചതാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ബില്ലിൽ മോസിലോസ്കോപ്പ് എന്നാണ് എഴുതിയിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.
മോർസിലേറ്റർ എന്ന ഉപകരണം ഓഗസ്റ്റ് രണ്ടിന് വാങ്ങി എന്നുള്ള ഒരു ബില്ലും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ആണ് ഉപകരണം കണ്ടെത്തിയത്. ഡോക്ടർ ഹാരിസിൻ്റെ മുറിയിൽ ആരോ കയറിയതായി സിസിടിവി ദൃശ്യങ്ങൾ കിട്ടിയെന്ന ഗുരുതരാരോപണവും മെഡിക്കൽ കോളേജ് അധികൃതർ വെളിപ്പെടുത്തി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞതിൽ വ്യക്തത ഇല്ലെന്ന് കെജിഎംസിടിഎ പ്രസിഡണ്ട് ഡോ. റോസ്നേര പ്രതികരിച്ചു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വകുപ്പ് തല അന്വേഷണം പോരാ സ്വതന്ത്ര അന്വേഷണം വേണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു. ഹാരിസിൻ്റെ അസാന്നിധ്യത്തിലെ പരിശോധന അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിൽ ആയിപ്പോയിയെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.