ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ പുന്നപ്ര സ്വദേശിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് സംഭവിക്കാൻ പാടില്ലാത്തതെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ പ്രതികരിച്ചു. അപൂർവമായി ഇത്തരം പിഴവ് സംഭവിക്കാറുണ്ട്. എന്നാൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. സംഭവിച്ചാൽ അത് മറികടക്കാനുള്ള മാർഗം സ്വീകരിക്കുകയായിരുന്നു വേണ്ടത്. സർക്കാർ ആശുപത്രികളിൽ പതിനായിരക്കണക്കിന് സർജറികൾ നടക്കേണ്ട അവസ്ഥയാണ്. സ്വകാര്യ ആശുപത്രികളെ പോലെ എണ്ണം നിജപ്പെടുത്താൻ സാധിക്കില്ലെന്നും ശൈലജ പറഞ്ഞു.
നിരവധി ആശുപത്രികളിൽ പോയിട്ടും ഒരു എക്സ് റേ എടുത്തില്ല എന്നത് അത്ഭുതമായി തോന്നുന്നുവെന്നും ശൈലജ പറഞ്ഞു. ഡോക്ടറുടെ പ്രതികരണം മെഡിക്കൽ ഭാഷ ഉപയോഗിച്ചാവാം. എന്നാലും അത് പറയേണ്ടിയിരുന്നില്ല. വിഷമം ഉണ്ടായത് കൊണ്ടാണല്ലോ ഉഷ ചികിത്സ തേടിയതെന്നും ശൈലജ പ്രതികരിച്ചു.