

തിരുവനന്തപുരം: മുട്ടുവേദനയ്ക്ക് ചികിത്സക്കെത്തിയ വീട്ടമ്മയ്ക്ക് പരിശോധനയില്ലാതെ ആമവാതത്തിൻ്റെ മരുന്ന് നൽകിയത് മൂലം കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ജേക്കബ് ആൻ്റണിക്കെതിരെ ഇരിഞ്ചയം സ്വദേശിനി ഷീലയാണ് പരാതി നൽകിയത്.
രണ്ടു മാസം മുമ്പാണ് മുട്ടുവേദന കാരണം എക്സ്റേ അടക്കമുള്ള രേഖകളുമായി ഡോ. ജേക്കബ് ആൻ്റണിയുടെ വീട്ടിൽ ഷീല ചികിത്സ തേടിയത്. ലക്ഷണങ്ങൾ നോക്കിയ ശേഷം സന്ധിവേദനയ്ക്കുള്ള മരുന്ന് നൽകി. എന്നാൽ രണ്ടു ദിവസം കഴിഞ്ഞതോടെ ഷീലയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങി.
എക്സറേ അടക്കമുണ്ടായിരുന്നിട്ടും ഷീലയെ ഡോക്ടർ വിശദമായി പരിശോധിച്ചില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മരുന്ന് കഴിച്ച് തുടങ്ങിയതോടെ ശരീരത്തിൽ അലർജി രൂപപ്പെടുകയും പതിയെ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു. അതേസമയം ഷീലയെ വിശദ പരിശോധന നടത്തിയില്ലെന്ന് ഡോക്ടറും സമ്മതിച്ചു. പരിചയ സമ്പത്ത് ഉള്ളതിനാൽ രോഗം നിർണയിക്കാൻ കൂടുതൽ പരിശോധന വേണ്ടെന്നാണ് ഡോക്ടറുടെ വാദം.
സന്ധിവാദത്തിന് നൽകിയ മരുന്നിൻ്റെ പാർശ്വഫലമാണ് ഷീലയുടെ അവസ്ഥയ്ക്ക് കാരണം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ റുമറ്റോളജി വിഭാഗം സീനിയർ ഡോക്ടറാണ് ജേക്കബ് ആൻ്റണി. നിയമം ലംഘിച്ച് വീട്ടിൽ ചികിത്സ നടത്തുന്നത് ഡോക്ടർ സമ്മതിക്കുന്നുണ്ട്. മറ്റ് ഡോക്ടർമാരും നിയമലംഘനം നടത്തി ചികിത്സിക്കുന്നതായും ഡോക്ടർ വെളിപ്പെടുത്തി. ആരോഗ്യമന്ത്രിക്കും പൊലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്.