വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറ്റിൽ നിന്ന് രണ്ടര മാസത്തിന് ശേഷം തുണിക്കഷ്ണം പുറത്തുവന്നു. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയിട്ടും സ്കാനിങ് ചെയ്യാൻ തയ്യാറായില്ലെന്നും പരാതി. സംഭവത്തിൽ മെഡിക്കൽ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടർക്കെതിരെ യുവതി പരാതി നൽകി.
മന്ത്രി ഒ.ആർ. കേളു, ഡിഎംഒ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് പരാതി നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബർ പത്താം തീയതിയാണ് യുവതിയുടെ പ്രസവം നടന്നത്. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും ആശുപത്രിയിൽ പോയി. എന്നാൽ രണ്ടുതവണ ആശുപത്രിയിൽ പോയിട്ടും സ്കാനിങ്ങിന് തയ്യാറായില്ല എന്നാണ് യുവതി പറയുന്നത്. ഇതിനുശേഷമാണ് ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നത്. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണികഷണം കുടുങ്ങാൻ കാരണമെന്നാണ് യുവതിയുടെ ആക്ഷേപം. ഡോക്ടർക്ക് എതിരെ നടപടി എടുക്കണമെന്നാണ് യുവതിയുടെ ആവശ്യം.