പാലക്കാട്: വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. എഇഒയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുചെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ ശുപാർശ നൽകിയത്. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കും വിദ്യാഭ്യാസവകുപ്പ് നോട്ടിസ് നൽകി. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശമുണ്ട്. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസവകുപ്പിൻ്റെ മുന്നറിയിപ്പ്.
സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് എഇഒ റിപ്പോർട്ടിലുള്ളത്. വിവരം പൊലീസിനെ അറിയിക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റി. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തിൽ പ്രശ്നമായെന്നും എഇഒ റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് വിഷയത്തിൽ പരാതി നൽകിയത്. രക്ഷിതാക്കളുടെ നിസഹകരണം ഉണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർക്ക് പരാതി നൽകാമായിരുന്നുവെന്നും ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയതെന്നും എഇഒ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കഴിഞ്ഞ നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടി സുഹൃത്തുക്കളോട് കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. സംസ്‌കൃത അധ്യാപകന്‍ അനില്‍ ആണ് പിടിയിലായത്. എസ്‌സി വിഭാഗത്തിൽപെട്ട കുട്ടിയാണ് പീഡനത്തിനിരയായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് അധ്യാപകനെ പിടികൂടിയത്.