കഴിഞ്ഞ വർഷത്തേക്കാൾ 20% വരെ നിരക്ക് കൂട്ടിയ മരുന്നുകൾ വാങ്ങാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ. കമ്പനികൾക്ക് നൽകാനുള്ള കുടിശിക വേഗത്തിൽ കൊടുത്ത് തീർക്കാനും നിലവിലെ ടെൻഡർ മാനദണ്ഡത്തിൽ മാറ്റം വരുത്താനും സബ് കമ്മറ്റി രൂപീകരിക്കാനും തീരുമാനിച്ചു. ഉയർന്ന വിലയ്ക്ക് മരുന്ന് വാങ്ങുന്നതോടെ 50 കോടിയിലേറെ രൂപയുടെ അധിക ചെലവ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് ഉണ്ടാകും. സർക്കാർ ആശുപത്രികളിലേക്ക് വേണ്ട മരുന്നുകളും ഉപകരണങ്ങളും വാങ്ങി നൽകുന്ന സ്ഥാപനമാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ.
സർക്കാർ ആശുപത്രികളിലേക്ക് മരുന്നുവാങ്ങിയ ഇനത്തിൽ 500 കോടി രൂപയിലേറെയാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ കമ്പനികൾക്ക് നൽകാനുള്ളത്. കുടിശ്ശിക ഏറിയതോടെയാണ് പല കമ്പനികളും നിരക്ക് കൂട്ടിയാണ് ടെൻഡറിൽ പങ്കെടുത്തത്. ആദ്യഘട്ടത്തിൽ നിരക്ക് വർധന കോർപറേഷൻ അംഗീകരിച്ചില്ലെങ്കിലും ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണം വളരെ കുറവായതിനാൽ നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു.മരുന്ന് ക്ഷാമം ഉൾപ്പെടെ ഉണ്ടാകും എന്നുള്ള സ്ഥിതി മുന്നിൽ കണ്ടാണ് 20% വരെ നിരക്ക് വർധന ഉള്ള കമ്പനികളുടെ ടെൻഡർ അംഗീകരിച്ചത്.
തമിഴ്നാട്ടിൽ 17 രൂപയ്ക്ക് നൽകുന്ന ഐവി ഫ്ലൂയിഡ് അതേ കമ്പനി കേരളത്തിൽ നൽകുന്നത് 22 രൂപ വരെ ഈടാക്കിയാണ്. നിരക്ക് കൂടിയതിനാൽ നേരത്തേ മാറ്റി വച്ചിരുന്ന ആന്റി ക്യാൻസർ മരുന്നുകളുടെ ടെൻഡറിനും അനുമതി നൽകിയിട്ടുണ്ട്. കേരളത്തിൽ മാത്രം കമ്പനികൾ നിരക്ക് കൂട്ടാൻ കാരണം കോടികളുടെ കുടിശിക ഉള്ളതിനാലാണ് എന്നാണ് വിലയിരുത്തൽ. മാത്രവുമല്ല ടെൻഡർ മാനദണ്ഡത്തിൽ കമ്പനികളുടെ വാർഷിക വരുമാനം ഉയർത്തിയതും തിരിച്ചടിയായിരുന്നു.ഈ രണ്ടു കാര്യത്തിലും അടിയന്തര തീരുമാനം എടുക്കാൻ ആണ് സബ് കമ്മിറ്റിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനിടെ ടെൻഡർ വിളിച്ചിട്ടും ലഭിക്കാത്ത പല ആവശ്യമരുന്നുകളും റീട്ടെൻഡർ ചെയ്തിട്ടുണ്ട്.