സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കിയതായി ആരോഗ്യ മന്ത്രി; മരുന്നു ക്ഷാമം ഒഴിവാക്കാനും നടപടി

കെഎംഎസ്‌സിഎൽ വഴി സംഭരിച്ച മരുന്നുകൾ ജില്ലാ സ്റ്റോറുകളിൽ നിന്ന് ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാനും നടപടി
സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കിയതായി ആരോഗ്യ മന്ത്രി; മരുന്നു ക്ഷാമം ഒഴിവാക്കാനും നടപടി
Published on: 
Updated on: 

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ, ആന്റി ബയോട്ടിക്കുകൾ ഉൾപ്പെടെ വിവിധ മരുന്നുകളുടെ വിതരണം സുഗമമാക്കിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

ഓരോ ജില്ലയിലെയും ജില്ലാ മെഡിക്കൽ ഓഫീസർമാരിൽ നിന്ന് മരുന്നുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങൾ മന്ത്രി ശേഖരിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) വഴി സംഭരിച്ച മരുന്നുകൾ ജില്ലാ സ്റ്റോറുകളിൽ നിന്ന് ആരോഗ്യകേന്ദ്രങ്ങളിലേക്ക് പൂർണമായി എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി യോഗത്തിൽ അറിയിച്ചു.

കാൻസർ, ഹൃദ്രോഗം, മാനസികാരോഗ്യ ചികിത്സ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഏതാനും മരുന്നുകൾ കൂടി പൂർണതോതിൽ ലഭ്യമാകാനുണ്ട്. ഇവ ഉടൻ ലഭ്യമാക്കുമെന്നും അതുവരെ ലോക്കൽ പർച്ചേസിലൂടെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും യോഗത്തിൽ വ്യക്തമാക്കി.

ഹീമോഫീലിയ രോഗികൾക്കാവശ്യമായ ഫാക്ടർ 9ന്റെ ലഭ്യത ഉറപ്പാക്കാൻ മന്ത്രി പ്രത്യേക നിർദേശം നൽകി. നിലവിൽ ഫാക്ടർ 9ന്റെ കുറവ് നേരിടുന്ന സ്ഥാപനങ്ങളിലേക്ക് ആവശ്യാനുസരണം രണ്ട് ദിവസത്തിനുള്ളിൽ മരുന്ന് എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ അധികൃതർ അറിയിച്ചു.

എല്ലാ ആരോഗ്യസ്ഥാപനങ്ങളിലെയും മരുന്നുകളുടെ സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണമെന്നും ക്ഷാമം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാതല മരുന്ന് നിരീക്ഷണ സമിതികൾക്ക് മന്ത്രി നിർദേശം നൽകി.

സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കിയതായി ആരോഗ്യ മന്ത്രി; മരുന്നു ക്ഷാമം ഒഴിവാക്കാനും നടപടി
സുഗതന്റെ ജാമ്യം: നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ല; സൈക്കിള്‍ തട്ടി നായ ചത്താലും ഒത്തുകളിയെന്നു പറയും: രമേശ് ചെന്നിത്തല

ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ തടയുന്നതിനായി മറ്റ് വകുപ്പുകളുമായും തദ്ദേശസ്ഥാപനങ്ങളുമായും ഏകോപിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു.

24 മണിക്കൂർ സ്പെഷലിസ്റ്റ് സേവനം കൂടുതൽ ആരോഗ്യസ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർമാരോട് മന്ത്രി ആവശ്യപ്പെട്ടു. 108 ആംബുലൻസ് സേവനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശമുണ്ട്.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ദേശീയ ആരോഗ്യ ദൗത്യം മിഷൻ ഡയറക്ടർ ഡോ. രേണു രാജ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

News Malayalam 24x7
newsmalayalam.com