

വയനാട്: മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പല്‍ ഷിവി എംകെയ്ക്ക് സ്ഥലംമാറ്റം. വടുവഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കാണ് ഷിവിയെ മാറ്റിയത്. വിനോദയാത്രകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി.
ഇന്ന് വൈകിട്ടോടുകൂടിയാണ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് വന്നത്. മീനങ്ങാടി സ്കൂളില്‍ നിന്നും വടുവഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലേക്കാണ് സ്ഥലംമാറ്റിയത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പ്രിന്‍സിപ്പലിന് വീഴ്ച സംഭവിച്ചു. ഇത് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് അതിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റാനുള്ള ഉത്തരവ് വന്നിരിക്കുന്നത്.
ആരോപണ വിധേയനായ പിടിഎ പ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവത്തില്‍ ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ഹൈദരാബാദിലേക്കുള്ള പഠനയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന തരത്തില്‍ കുട്ടികള്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ പ്രിന്‍സിപ്പലിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായിരുന്നു.
എന്നാല്‍ രക്ത പരിശോധന നടത്തിയത് 12 മണിക്കൂര്‍ കഴിഞ്ഞാണെന്നും മൂത്ര പരിശോധന നടത്താന്‍ പ്രിന്‍സിപ്പല്‍ തയ്യാറാകാതിരുന്നതിന് പിന്നാില് ഗൂഢാലോചനയുണ്ടെന്നും ഒരു വിഭാഗം കുട്ടികളും രക്ഷിതാക്കളും ആരോപിക്കുകയും ചെയ്തിരുന്നു.