കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് പരിശീലന കേന്ദ്രത്തിൽ വച്ചു മർദിച്ചതായി പരാതി. കോഴിക്കോട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ ഹ്യുമാനിറ്റി ലൈഫ് കെയർ & വൊക്കേഷണൽ ട്രെയിനിങ് സെന്ററിലെ പരിശീലകനെതിരെയാണ് പരാതി. മർദനത്തിൽ പരിക്കേറ്റ മലപ്പുറം വള്ളിക്കുന്ന് സ്വദേശിയുടെ കുടുംബം നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്തു.
ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ 30 കാരനാണ് ക്രൂരമായ മർദനമേറ്റത്. മോഷണക്കുറ്റം ആരോപിച്ച്, സ്ഥാപനത്തിലെ പരിശീലകനായ വിശ്വനാഥൻ എന്നയാൾ തടഞ്ഞുവച്ച് മർദിച്ചു എന്നാണ് കുടുംബം നൽകിയ പരാതി. വെള്ളയിൽ പ്രവർത്തിക്കുന്ന ഹ്യുമാനിറ്റി ലൈഫ് കെയർ & വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ താമസിച്ചു പഠിക്കുകയാണ് യുവാവ്.
കഴിഞ്ഞ ദിവസം കുടുംബത്തിലെ ഒരു കല്യാണത്തിനായി ഇയാളെ വീട്ടിലേക്ക് കൊണ്ടുവരാൻ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവാവ് 1500 രൂപ മോഷ്ടിച്ചിട്ടുണ്ടെന്നും അന്വേഷണം കഴിഞ്ഞു പറഞ്ഞുവിടാമെന്നുമാണ് സ്ഥാപനത്തിൽ ഉള്ളവർ അറിയിച്ചത്. സംശയം തോന്നിയ വീട്ടുകാർ തിങ്കളാഴ്ച സ്ഥാപനത്തിൽ എത്തിയപ്പോഴാണ് യുവാവിന്റെ ശരീരത്തിലെ ഗുരുതരമായ പരിക്കുകൾ ശ്രദ്ധയിൽപെട്ടത്.
മർദനമേറ്റ യുവാവിനെ വീട്ടുകാർ കോഴിക്കോട് ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചു. മുഖത്തും പുറത്തും കൈക്കും കാലിലുമടക്കം മർദനമേറ്റ യുവാവിനെ രക്തം കല്ലിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് വെള്ളയിൽ പൊലീസ് പറഞ്ഞു. യുവാവിന്റെ സഹോദരൻ നൽകിയ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.