ചൂട്.... കൊടും ചൂട്! സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്കും അവധിക്കാല ക്ലാസുകൾക്കും ക്യാമ്പുകൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 26 വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ. ഗോപാൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. 27 ഓടെ വേനൽ മഴ ലഭിച്ചു തുടങ്ങും. മെയ് മാസത്തിൽ വേനൽ മഴ അളവിൽ കൂടുതലായി ലഭിക്കുമെന്നും നീത കെ.ഗോപാൽ പറഞ്ഞു. ഇതോടെ ചൂടിന് ആശ്വാസമാകുമെന്നും, നിലവിലുള്ള താപനില റെഡ് അലേർട്ടിലേക്ക് കടക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഡയറക്ടർ വ്യക്തമാക്കി.

പാലക്കാട് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസാണ് ഇതുവരെ കേരളത്തിലെ ഏറ്റവും ഉയർന്ന താപനില. കേരളത്തിന്റെ ഭൂപ്രകൃതിവച്ച് ഈ താപനിലയ്ക്ക് അപ്പുറം കടയ്ക്കില്ലെന്നും റെഡ് അലേർട്ടിലേക്ക് എത്താൻ സാധ്യതയില്ലെന്നും നീത കെ. ഗോപാൽ പറഞ്ഞു. വരുന്ന 27ന് തുടങ്ങുന്ന വേനൽ മഴ മെയ് പകുതിയാകുന്നതോടെ കൂടുതൽ അളവിൽ ലഭിച്ചേക്കുമെന്നും ഐഎംഡി ഡയറക്ടർ വ്യക്തമാക്കി.

ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂർ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്കും അവധിക്കാല ക്ലാസുകൾക്കും ക്യാമ്പുകൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയത്. ഏപ്രിൽ ഇരുപത്തിയൊൻപത് വരെയാണ് നിരോധനം.പാലക്കാട് താപനില നാൽപ്പത്തിയൊന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

പ്രതീകാത്മക ചിത്രം
"പാമ്പ് കടിച്ചെന്ന് കുടുംബം പറഞ്ഞിട്ടില്ല"; എട്ടു വയസുകാരൻ്റെ മരണത്തിൽ വീഴ്ചയില്ലെന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട്

ഇന്ന് പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. സാധാരണയെക്കാൾ നാല് ഡിഗ്രി സെൽഷ്യസ് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.

നാളെ താപനിലയിൽ നേരിയ വ്യത്യാസമുണ്ടാകുമെങ്കിലും സമാനമായി ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാതം സൂര്യാതപം നിർജലീകരണം എന്നിവ തടയാൻ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.വേനൽ മഴ വേണ്ട അളവിൽ ലഭിക്കാത്തതാണ് നിലവിലെ കൊടും ചൂടിന് കാരണം. മെയ് മാസത്തിൽ സജീവമാകുന്ന വേനൽമഴയ്ക്ക് പിന്നാലെ എത്തുന്ന കാലവർഷവും കേരളത്തെ വീണ്ടും തണുപ്പിക്കുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com