കോഴിക്കോട്: ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം. പക്ഷി സ്‌നേഹി ഡോ. സാലിം അലി, ഒരു ജീവിതം കൊണ്ട് പാഠമാക്കിയ പക്ഷിസമ്പത്ത് ഇന്നു നമുക്ക് അന്യമാവുകയാണ്. നാട്ടിൻപുറത്ത് പരിചിതമായ ചെറു പക്ഷികളിൽ പലതിനെയും കാണാതായി. ദേശാടന പക്ഷികളും പറന്ന് എത്താതായി. കോഴിക്കോട് മാവൂരിന് പറയാൻ ഉണ്ട്, ദേശാടനപ്പക്ഷികൾ വരാതായ ഈ 'കിളിയറ്റ' കാലത്തെക്കുറിച്ച്.
കലപില കൂട്ടിയും പാറിപ്പറന്നും ഏറെ കാതങ്ങൾ താണ്ടി, മാവൂരിലേക്ക് ഓരോ സീസണിലും ആയിരക്കണക്കിന് ദേശാടന പക്ഷികൾ എത്താറുണ്ടായിരുന്നു. പക്ഷികളുടെ ഈ പറുദീസ കാണാൻ ഓരോ ദിവസവും നിരവധി പക്ഷിസ്നേഹികളും സഞ്ചാരികളും ഉൾപ്പെടെ ഇവിടെ എത്തിയിരുന്നു. അന്നൊക്കെ മാവൂരിലെ പൈപ്പ് ലൈൻ റോഡിൻ്റെ ഇരുവശത്തുമുള്ള നീർത്തടം ഒത്തുചേരലുകളുടെ ഇടമായി മാറും. എന്നാൽ ആ കാലമൊക്കെ അവസാനിച്ചു. ഇന്ന് വിരലിലെണ്ണാവുന്ന പക്ഷികൾ പോലും ഇവിടങ്ങളിൽ എത്താറില്ലെന്നതാണ് യാഥാർഥ്യം. നീർത്തടങ്ങളിൽ പൂർണമായും ആഫ്രിക്കൻ പായലും പുല്ലുകളും മറ്റ് ജല സസ്യങ്ങളും നിറഞ്ഞു.
157 ഇനം ദേശാടന പക്ഷികൾ മാവൂരിലെ നീർത്തടങ്ങളിൽ എത്തിയതായി അക്കാലത്തെ പക്ഷി നിരീക്ഷകരുടെ സർവേകളിൽ കണ്ടെത്തിയിരുന്നു. അതിൽ വംശനാശ ഭീഷണി നേരിടുന്ന ഡാട്ടർ പോലുള്ള പക്ഷികളും ഏറെ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയിരുന്ന 36 ഇനം പക്ഷികളും മാവൂരിലെ നീർത്തടങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. പക്ഷികൾ മാവൂരിലെ നീർത്തടങ്ങൾ വിട്ടകന്നതോടെ പക്ഷി നിരീക്ഷകരും വരാതായി.
നീർത്തടങ്ങളിൽ നിന്ന് പുല്ലുകളും പായലുകളും ജലസസ്യങ്ങളും നീക്കം ചെയ്താൽ ഇനിയും ദേശാടന പറവകൾ തിരിച്ചെത്തുമെന്നതാണ് ഇവരുടെ ശുഭപ്രതീക്ഷ. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട ഭരണകർത്താക്കൾ, കണ്ട ഭാവം നടിക്കുന്നില്ല.