

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന് പിന്നാലെ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി ചുമതലയേറ്റു. മാനേജിങ് ഡയറക്ടർ എത്താതിരുന്നതിനെത്തുടർന്ന്, സ്വന്തം നിലയിൽ മിനുട്സ് തയ്യാറാക്കിയാണ് ചെയർപേഴ്സൺ മണി വിശ്വനാഥ് അടക്കമുള്ളവർ ചുമതലയേറ്റത്. സഹകരണ നിയമ ചട്ടപ്രകാരം കൃത്യമായ നിയമോപദേശം തേടിയ ശേഷമാണ് ഈ നടപടിയെന്ന് ചെയർപേഴ്സൺ മണി വിശ്വനാഥ് വ്യക്തമാക്കി. സിപിഐഎം നേതാവ് പി ജയരാജൻ ഭരണസമിതി അംഗങ്ങളെ പൊന്നാടയണിയിച്ചു.
മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെത്തുടർന്ന് ഭരണസമിതി വീണ്ടും അധികാരമേറ്റു. എന്നാൽ, അധികാരമേൽക്കാൻ ഉച്ചയോടെ ഉദ്യോഗസ്ഥർ എത്തിയെങ്കിലും രജിസ്ട്രാറും മാനേജിങ് ഡയറക്ടറും മിനിട്സ് ബുക്ക് കൈമാറാൻ തയ്യാറായില്ല.
മിൽമ ആസ്ഥാനത്തുനിന്നും ചട്ടപ്രകാരം മിനിട്സ് ബുക്ക് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് ഈ പ്രതിസന്ധി ഉണ്ടായത്. തുടർന്ന് നിയമോപദേശം തേടിയ ഭരണസമിതി അംഗങ്ങൾ സഹകരണ നിയമപ്രകാരം സ്വമേധയാ പുതിയ മിനിട്സ് ബുക്ക് തയ്യാറാക്കി ഔദ്യോഗികമായി ചുമതലയേൽക്കുകയായിരുന്നു. എംഡിയും രജിസ്ട്രാറും മിൽമ ആസ്ഥാനത്തുനിന്ന് മാറി നിന്നത് ഭരണസമിതിയെ അധികാരമേൽക്കുന്നതിൽ നിന്ന് തടയാൻ വേണ്ടിയുള്ള ശ്രമമാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.