മിനി കൂപ്പർ അപകടം: സുഹൈലിന്റെ അറസ്റ്റ്‌ എക്സൈസ് രേഖപ്പെടുത്തി; നടപടി 23 വയസിന് താഴെയുള്ളയാൾ മദ്യം കഴിച്ചതിൽ

പൊലീസ് കേസിൽ ജാമ്യത്തിലായിരുന്ന സുഹൈലിനെ എക്സൈസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം
Published on: 
Updated on: 

എറണാകുളം: അങ്കമാലിയിൽ മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ ഒന്നാം പ്രതി സുഹൈൽ സജീവൻ്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസ്സിന് താഴെ പ്രായമുള്ളയാൾ മദ്യം കഴിച്ചതിനാണ് നടപടി. പൊലീസ് കേസിൽ ജാമ്യത്തിലായിരുന്ന സുഹൈലിനെ എക്സൈസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2026 ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം എയർപോർട്ട് റോഡിലായിരുന്നു അപകടം നടന്നത്. മദ്യലഹരിയിൽ മണിക്കൂറിൽ 160 കിലോമീറ്ററിലധികം അമിതവേഗതയിൽ സുഹൈൽ ഓടിച്ചിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ദേവിക (21), ഗോപിക (22), ഇയാസ് (21) എന്നീ മൂന്ന് യുവാക്കളാണ് കൊല്ലപ്പെട്ടത്.

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം
'എഫ്-ട്യൂൺ' ഫ്രം കാസർഗോഡ്? കസ്റ്റമർ കെയർ നമ്പർ സ്ത്രീയുടെ പേരിൽ; ഫോൺ നമ്പറിൻ്റെ ഉടമയ്ക്ക് പൊലീസ് ഇന്ന് നോട്ടീസ് നൽകും

മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു നേരത്തെ പോലീസ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. ഒപ്പം കാറിലുണ്ടായിരുന്ന നിനവ്, അമീൻ ഷാ, ജോയൽ എസ്. ആന്റോ എന്നീ മൂന്ന് സുഹൃത്തുക്കളെയും പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം അഡീഷണൽ സെഷൻസ് കോടതിയും നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

തുടർന്ന് നവംബർ 6-ന് കേരള ഹൈക്കോടതി എല്ലാ പ്രതികൾക്കും ജാമ്യം അനുവദിച്ചു. അന്വേഷണം പൂർത്തിയാക്കാൻ 10 ദിവസം കൂടി വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച കോടതി, സുഹൈലിനെ നവംബർ 16-ന് മാത്രം വിട്ടയക്കാൻ നിർദ്ദേശിക്കുകയായിരുന്നു. 36 ദിവസത്തെ റിമാൻഡിന് ശേഷം കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്നാണ് സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങിയത്.