തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ നീക്കിയ നടപടിക്കെതിരായ ട്രൈബ്യൂണലിൻ്റെ സ്റ്റേ സർക്കാരിന് തിരിച്ചടിയല്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ മന്ത്രിയായി ഇരിക്കുമ്പോൾ സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ ആ സ്ഥാനത്ത് ഉണ്ടാവില്ല. ട്രൈബ്യൂണലിന് മുകളിൽ സംവിധാനങ്ങൾ ഉണ്ട്. ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കണമെന്നും അത്തരം തീരുമാനം ഇനിയുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. തുരപ്പൻ പണി നടത്തുന്ന ആരെയും ഈ കസേരയിൽ ഇരുത്തില്ല, റീന തുരപ്പൻ പണി നടത്തിയിട്ടുണ്ടോ എന്ന് മേൽ കോടതിയിൽ പറഞ്ഞോളാമെന്നും മന്ത്രി പ്രതികരിച്ചു.
ഡോ. കെ.ജെ. റീനയെ പദവിയിൽ നിന്നും നീക്കിയ ഉത്തരവിന് സ്റ്റേ നൽകിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഡോ. കെ.ജെ. റീനയുടെ ഹർജിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെതാണ് ഉത്തരവ്. ഇക്കഴിഞ്ഞ 12നാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. തുടര്‍ച്ചയായി ലീവ് എടുത്തെന്നും മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചെന്നും 15 ദിവസത്തെ അവധി ആവശ്യപ്പെട്ടുവെന്നും അടക്കം കാണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി. എറണാകുളം റീജിയണൽ ലബോറട്ടറിയിലേക്കായിരുന്നു ഡോ. റീനയെ സ്ഥലം മാറ്റിയത്.
നിലവിലുള്ള ഡിഎച്ച്എസ് തസ്തികയിൽ നിന്ന് തരംതാഴ്ത്തുന്ന തരത്തിലായിരുന്നു ഉത്തരവ്. എന്നാൽ, താൻ ആവശ്യപ്പെട്ടത് രണ്ട് ദിവസത്തെ അവധി മാത്രമെന്നതിൻ്റെ തെളിവുകൾ അടക്കം സമർപ്പിച്ചുകൊണ്ടായിരുന്നു ഇതിനെതിരെ ഡോ. റീന നിയമനടപടിയുമായി മുന്നോട്ടുപോയത്. സർക്കാരിൻ്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷമടക്കം വലിയ വിമർശനവുമായി മുന്നോട്ട് വന്നിരുന്നു.