

സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ ആഡംബര കാര്‍ ഉപയോഗിച്ചത് വന്‍ വിവാദമായതോടെ, റേഞ്ച് റോവര്‍ തിരികെ നല്‍കി മന്ത്രി കെ.എം. ഷാജി. കെഎംസിസി നേതാവ് യാക്കൂബ് വാണിയടത്തിന്റെ കാറാണ് ഷാജി തിരികെ നല്‍കിയത്. കണ്ണൂര്‍ തില്ലങ്കേരിയിലെ യാക്കൂബിന്റെ വീട്ടില്‍ കാര്‍ എത്തിച്ചു. സർക്കാർ വാഹനം ഉപയോഗയോഗ്യമല്ലാത്തതിനാലാണ് സുഹൃത്ത് നൽകിയ കാർ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതെന്നായിരുന്നു ഷാജിയുടെ വിശദീകരണം. സുഹൃത്തിന്റെ വാഹനത്തിൽ ബോർഡ് വെച്ച് യാത്ര ചെയ്യുന്നതിന് സർക്കാരിന്റെ അനുമതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരാളിൽ നിന്നും സൗജന്യം കൈപ്പറ്റാൻ പാടില്ലെന്നിരിക്കെ, മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപണം ഉയർന്നിരുന്നു.
തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നാലുകോടിയോളം രൂപ വിലവരുന്ന ആഡംബര വാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതിൽ കെ.ടി. ജലീലാണ് ആദ്യമായി വിമർശനം ഉന്നയിച്ചത്. തന്റെ സുഹൃത്തായ ഒരാൾ പണമൊന്നും ഈടാക്കാതെ നൽകിയ വാഹനമാണെന്നും സർക്കാരിൽ നിന്നും ഒരു പൈസയും വാങ്ങാതെയാണ് വാഹനം കൊണ്ടുനടക്കുന്നതെന്നും ഉൾപ്പെടെ വ്യക്തമാക്കി മന്ത്രി പ്രതിരോധം തീർത്തെങ്കിലും വിമർശനം കടുത്തു. പിന്നാലെയാണ് കെഎംസിസി നേതാവും കണ്ണൂരിൽ നിന്നുള്ള പ്രവാസി വ്യവസായിയുമായ യാക്കൂബിന്റെ ഉടമസ്ഥതിയിലുള്ള കാർ കെ.എം. ഷാജി തിരികെ നൽകിയത്. വിവാദമുയർന്ന് ഇരുപത്തിനാല് മണിക്കൂർ തികയുമ്പോൾ റേഞ്ച് റോവർ തില്ലങ്കേരിയിലെ യാക്കൂബിന്റെ വീട്ടിൽ എത്തിച്ചു. സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതിനുള്ള അനുമതി നേടാതെയാണ് മന്ത്രി വാഹനം ഉപയോഗിച്ചിരുന്നത്.
ആഡംബര വാഹനം ഉപയോഗിക്കുന്നത് ദുരൂഹമാണെന്നും എന്തെങ്കിലും വഴിവിട്ട സഹായം ചെയ്തതിന്റെ പ്രതിഫലമാണോ എന്ന് പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റെ ചിന്ത ജെറോം ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ലോഗ് ബുക്കോ കൃത്യമായ രേഖകളോ ഇല്ലാതെയാണ് വാഹനം ഉപയോഗിക്കുന്നതെന്നും ആരോപണമുയർന്നിരുന്നു. അതേസമയം, സർക്കാർ അനുവദിച്ച വാഹനം സർവീസിന് നൽകിയപ്പോഴാണ് സ്വകാര്യവാഹനം ഉപയോഗിച്ചതെന്നായിരുന്നു മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം. സർക്കാർ വാഹനം സർവീസ് കഴിഞ്ഞതോടെ സ്വകാര്യവാഹനം ഒഴിവാക്കി. സ്വകാര്യവാഹനം ഉപയോഗിച്ചപ്പോൾ ഇന്ധനചാർജ് സർക്കാരിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും കെ.എം ഷാജിയുടെ ഓഫീസ് അറിയിച്ചു.
എന്നാൽ മന്ത്രിയുടെ ഭാര്യക്കും, കുടുംബത്തിലും മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നിട്ടും പ്രവാസി വ്യവസായിയുടെ കോടിക്കണക്കിന് വിലയുള്ള കാർ തന്നെ തെരഞ്ഞെടുത്തതിൽ പ്രതിപക്ഷ സംഘടനകൾ സംശയം പ്രകടിപ്പിച്ചു. പ്രതിപക്ഷത്തിരുന്നപ്പോൾ സ്വീകരിച്ച നിലപാടുകളും ഉന്നയിച്ച ആരോപണങ്ങളും ഭരണത്തിലെത്തിയപ്പോൾ തിരിച്ചടിക്കുകയാണെന്ന് സിപിഐഎം നേതാക്കളും പ്രതികരിച്ചു.