ആലപ്പുഴ കാർത്തികപള്ളി സ്കൂളിലെ മേൽക്കൂര തകർന്നതിനെ നിസാരവത്കരിച്ച് മന്ത്രി സജി ചെറിയാൻ. കേരളത്തിൽ ഇത്തരം വിഷയങ്ങൾ ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നാണ് മന്ത്രിയുടെ ന്യായീകരണം. ഗവൺമെന്റിന്റെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചിട്ടില്ല. നിയമപരമായി പരിശോധിച്ചു നടപടി സ്വീകരിക്കേണ്ട വിഷയത്തിൽ രാഷ്ട്രീയം കലർത്തുന്നതിൽ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
"പ്രശ്നങ്ങളെ രാഷ്ട്രീയപരമായ അല്ല കാണേണ്ടത്. സംഭവത്തിൽ ഗവൺമെന്റിന്റെ ഭാഗത്ത് വീഴ്ചയില്ല. തീരദേശ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചതാണ്. ഇലക്ട്രിസിറ്റി കണക്ഷൻ കൂടി ലഭിച്ചാൽ കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാകും. പുതിയ കെട്ടിടം ഉപയോഗിക്കാൻ സ്കൂൾ അധികൃതർക്ക് ആകുമായിരുന്നു. തകർന്നുവീണ കെട്ടിടത്തിന് ഫിറ്റ്നസ് കൊടുത്തതിൽ വീഴ്ചയുണ്ടെങ്കിൽ നിയമാനുസൃത നടപടി സ്വീകരിക്കണം. അതിൽ തർക്കമില്ല", സജി ചെറിയാൻ.
പുതിയ കെട്ടിടത്തിലേക്ക് കുട്ടികൾ മാറി പഠനം ആരംഭിച്ചിട്ടും കോൺഗ്രസ്-ബിജെപി പ്രവർത്തകർ അവിടേക്ക് എത്തിയത് പ്രശ്നമുണ്ടാക്കാനാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രദേശത്തിന്റെ എംഎൽഎയായ രമേശ് ചെന്നിത്തലയെ കുറ്റപ്പെടുത്താൻ തയ്യാറല്ല. യൂത്ത് കോൺഗ്രസ് പറയുന്ന കാര്യങ്ങൾ അനുസരിച്ചാണെങ്കിൽ അദ്ദേഹത്തെയല്ലേ കുറ്റപ്പെടുത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് എല്ലാ പ്രശ്നങ്ങളെയും രാഷ്ട്രീയ വൽക്കരിക്കുകയാണ്. പ്രതിഷേധിക്കാൻ ആണെങ്കിൽ എംഎൽഎയുടെയോ മന്ത്രിയുടെയോ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിലേക്ക് മാർച്ച് നടത്തണമായിരുന്നു. സിപിഎം പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയതിനോടും യോജിപ്പില്ല. മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യാൻ വന്നതും തെറ്റാണ്. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണതെന്നും ഒരു പാർട്ടിക്കാർക്കും അവിടെ വരേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.